പത്തനംതിട്ട : അഞ്ചര ലക്ഷത്തിലേറെ രൂപയുടെ തട്ടിപ്പ് നടത്തിയ മുൻ സപ്ലൈകോ മാവേലി സ്റ്റോർ മാനേജർക്ക് വിജിലൻസ് കോടതി ശിക്ഷ വിധിച്ചു. മൂന്നുവർഷം തടവും പിഴയുമാണ് ശിക്ഷ വിധിച്ചിട്ടുള്ളത്. പത്തനംതിട്ടയിലെ ആറന്മുള മാവേലി സ്റ്റോറിന്റെ മാനേജർ ആയി അധിക ചുമതല വഹിച്ചിരുന്ന ലീലാമ്മാൾ ആണ് കേസിൽ പ്രതി.
മൂന്നുവർഷത്തെ തടവിനൊപ്പം തട്ടിപ്പ് നടത്തിയ 5.6 ലക്ഷം രൂപയും ഒപ്പം പിഴയായി മുപ്പതിനായിരം രൂപയുമാണ് അടക്കേണ്ടത്. മൂന്ന് കേസുകളിൽ ആയാണ് പ്രതിക്ക് മൂന്ന് വർഷം തടവ് ശിക്ഷ വിധിച്ചിട്ടുള്ളത്. എന്നാൽ ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതിയെന്നും കോടതി വിധി പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
പത്തനംതിട്ട വിജിലൻസ് ഡിവൈഎസ്പി ആയിരുന്ന വി വി അജിത് കുമാറിന്റെ നേതൃത്വത്തിൽ ആയിരുന്നു കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയിരുന്നത്. പ്രോസിക്യൂഷന് വേണ്ടി കോടതിയിൽ വിജിലൻസ് പബ്ലിക് പ്രോസിക്യൂട്ടർ വീണ സതീശൻ ഹാജരായി.








