ഇടുക്കി: കട്ടപ്പനയിൽ നവജാത ശിശുവിനെയും മുത്തച്ഛൻ വിജയനെയും കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. വിജയനെ കൊലപ്പെടുത്തിയത് ഭാര്യയുടെയും മകന്റെയും സഹായത്തോടെയെന്ന് നിതീഷ് കുറ്റം സമ്മതിച്ചു. നിതീഷ് തന്നെയാണ് നവജാത ശിശുവിനെയും കൊലപ്പെടുത്തിയത്. കൊലപാതക ശേഷം കുഞ്ഞിന്റെ മൃതദേഹം തൊഴുത്തിനുള്ളിൽ കുഴിച്ചുമൂടി.
വിജയനെ കൊലപ്പെടുത്തിയ കേസിൽ ഭാര്യയും മകനും ഉൾപ്പെടെ മൂന്ന് പ്രതികളാണുള്ളത്. നിതിഷ്, വിജയന്റെ ഭാര്യ സുമ, മകൻ വിഷ്ണു എന്നിവരാണ് പ്രതികൾ. ചുറ്റിക കൊണ്ട് തലക്കടിച്ചാണ് വിജയനെ കൊലപ്പെടുത്തിയതെന്ന് എഫ്ഐആറിൽ വ്യക്തമാക്കുന്നു. നവജാത ശിശുവിനെ കൊന്ന കേസിൽ നിതീഷ്, വിജയൻ, മകൻ വിഷ്ണു എന്നിവരാണ് പ്രതികൾ. കയ്യിലിരുന്ന കുഞ്ഞിനെ വിജയൻ കാലിലും പിടിച്ച് നൽകിയപ്പോൾ നിതീഷ് മൂക്കും വായും തുണികൊണ്ട് മൂടിയാണ് ശ്വാസം മുട്ടിച്ച് കൊന്നത്.
രഹസ്യബന്ധത്തിലുണ്ടായ കുഞ്ഞാണെന്ന് അറിഞ്ഞാലുണ്ടായ നാണക്കേട് മൂലമാണ് കൊലയെന്നും എഫ് ഐ ആറിൽ ചൂണ്ടിക്കാണിക്കുന്നു.
ആഭിചാര ക്രിയകളുടെ ഭാഗമായി നടന്ന കൊലപാതമാണോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്. വിജയന്റെ മൃതദേഹം കണ്ടെത്താൻ കാഞ്ചിയാറിലെ വീടിന്റെ തറ പൊളിച്ച് പരിശോധന നടത്തും.
Discussion about this post