കാശി മഠാധിപതി സുധീന്ദ്ര തീര്‍ത്ഥ(90) അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ 1.10ഓടെ ഹരിദ്വാറിലെ കാശി മഠത്തില്‍ വച്ചായിരുന്നു അന്ത്യം. ഗൗഡ സാരസ്വത ബ്രാഹ്മണരുടെ ആത്മീയ ഗുരുവാണ് സുധീന്ദ്ര തീര്‍ത്ഥ. സംസ്‌കാരച്ചടങ്ങുകള്‍ ഇന്ന് വൈകുന്നേരം കാശിയില്‍ നടക്കും.
ഗൗഡ സാരസ്വത ബ്രാഹ്മണരുടെ ആത്മീയഗുരുവും കാശി മഠാധിപതിയുമായ സ്വാമി സുധീന്ദ്രതീര്‍ഥയെ ഇന്നലെയാണ് മുംബൈയില്‍ നിന്നു കാശി മഠത്തിലെത്തിച്ചത്. മുംബൈ സെവന്‍ ഹില്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അദ്ദേഹത്തെ ഇന്നലെ രാവിലെ 6.15 ന് എയര്‍ ആംബുലന്‍സില്‍ ഡെറാഡൂണില്‍ എത്തിച്ചു. അവിടെ നിന്നു റോഡ് മാര്‍ഗം പ്രത്യേക ആംബുലന്‍സില്‍ കാശിമഠത്തിലെത്തിക്കുകയായിരുന്നു. അവിടെ പ്രത്യേകം തയാറാക്കിയ തീവ്രപരിചരണ മുറിയിലായിരുന്നു സ്വാമിയെ പരിചരിച്ചിരുന്നത്. ഹരിദ്വാറിലെത്തണമെന്ന സ്വാമിയുടെ ആഗ്രഹപ്രകാരമാണ് അദ്ദേഹത്തെ ഇവിടേയ്ക്കു കൊണ്ടുവന്നത്.
സുധീന്ദ്ര തീര്‍ത്ഥയെ അറിയാന്‍
ഹിന്ദു സമൂഹത്തിന് മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കിയ കര്‍മ്മയോഗിയായരുന്നു സുധീന്ദ്ര തീര്‍ഥ. ആര്‍ഷഭാരത സംസ്‌കൃതിയ്ക്കു ആത്മീയതയുടെ നിറചൈതന്യം പകര്‍ന്നു നല്‍കി അദ്ദേഹം. കാശിമഠ സന്യാസപരമ്പരയില്‍ ഏറ്റവുമധികം കാലം ആചാര്യസ്ഥാനത്തിരുന്ന സന്യാസിവര്യനാണ്.
എറണാകുളത്തു ജനനം. ഇന്റര്‍മീഡിയറ്റ് വിദ്യാര്‍ഥിയായിരിക്കെയാണ് കാശി മഠാധിപതിയായിരുന്ന സുകൃതീന്ദ്ര സ്വാമിയുടെ ശിഷ്യനായി. 1926 മാര്‍ച്ച് 31 നായിരുന്നു ജനനം. പ്രീ യുണിവേഴ്‌സിറ്റി കോഴ്‌സ് എറണാകുളം മഹരാജാസ് കോളേജില്‍ നിന്ന് പാസായി. വളരെ ചെറുപ്പത്തിലെ ആത്മീയ ജീവിതത്തിന്റെ പാത തെരഞ്ഞെടുക്കുകയായിരുന്നു അദ്ദേഹം . ഗുരുവിന്റെ സമാധിയെ തുടര്‍ന്ന് 1949 ല്‍ കാശി മഠത്തെ പിന്തുടരുന്ന ശിഷ്യകോടികളുടെ നേതൃപദവി ഏറ്റെടുത്തു. ഗൗഡ സാരസ്വത സമൂഹത്തിന്റെ പോയകാല പ്രൗഢി വീണ്ടെടുക്കുകയായിരുന്നു ആദ്യ ദൗത്യം. ഏഴുപതിറ്റാണ്ടു കാലത്തെ നേതൃപദവി കൊണ്ടു അത് അദ്ദേഹം ഒറു പരിധിവരെ സാധ്യമാക്കി. പാരമ്പര്യവും സംസ്‌കാരവും കൈമുതലാക്കി മുന്നോട്ടു കുതിക്കാന്‍ ഗൗഡസാരസ്വത സമൂഹത്തിന് ഉണര്‍വും ഉത്തേജനവും നല്‍കുകയായിരുന്നു സുധീന്ദ്രതീര്‍ഥ. കരുണ വറ്റാത്ത മനസ്സും, ഹൈന്ദവ പാരമ്പര്യത്തില്‍ നിന്ന് ആര്‍ജ്ജിച്ച ഊര്‍ജ്ജവും, കര്‍മ്മരംഗത്തെ നിതാന്ത ജാഗ്രതയുമായിരുന്നു സ്വാമികളെ ഹൈന്ദവ ആചാര്യനാക്കിയത്.
ദാരിദ്ര്യ നിര്‍മാര്‍ജനത്തിനും പാവപ്പെട്ട കുട്ടികളുടെ വിദ്യാഭ്യാസത്തിനും ആതുരശുശ്രൂഷയ്ക്കും അശരണരുടെ സംരക്ഷണത്തിനുമായി ഒട്ടേറെ സ്ഥാപനങ്ങള്‍ ആരംഭിച്ചു. സ്ത്രീധനം, ജാതിഭേദം പോലെ സമൂഹത്തില്‍ വേരോടിയ തിന്മകള്‍ക്കെതിരെ നിലപാടെടുത്തു. ആചാരാനുഷ്ഠാനങ്ങളില്‍ കണിശത പുലര്‍ത്തുന്ന നിലപാടുകള്‍ ഏറെ പ്രകീര്‍ത്തിക്കപ്പെട്ടു. 1973 ല്‍ ഏകീകൃതദേവസ്വം നിയമത്തിന്റെ പരിധിയില്‍ നിന്നും ഗൗഡസാരസ്വത ക്ഷേത്രങ്ങളെ ഒഴിവാക്കണമെന്ന് ആവശ്യപ്പെടുകയും കേരള ഗൗഡസാരസ്വത ദേവസ്വം ബോര്‍ഡിനു രൂപം നല്‍കുകയും ചെയ്തു. 1981 ല്‍ കേരള ഗൗഡസ്വാരസ്വത ബ്രാഹ്മണ മഹാസഭ രൂപമെടുത്തതും സ്വാമിയുടെ ആശിര്‍വാദത്തോടെയായിരുന്നു. ഗൗഡ സാരസ്വതബ്രാഹ്മണ മഹാസഭക്കു രൂപം നല്‍കി.
കാവ്യരചനയില്‍ തല്‍പരനായിരുന്നു സുധീന്ദ്രതീര്‍ഥസ്വാമികള്‍. സംസ്‌കൃതത്തില്‍ ഗുരുപരമ്പരസ്തവം, വേദവ്യാസ സഹസ്രനാമാവലി, വേദവ്യാസ അഷ്ടോത്തര ശതനാമാവലി, വേദവ്യാസ ശതകം, വ്യാസ ബ്രഹ്മസ്‌ത്രോത്രം എന്നിവ രചിച്ചു. 1989 ല്‍ ശിഷ്യനായ രാഘവേന്ദ്ര തീര്‍ഥ ആചാര്യനും സമുദായത്തിനുമെതിരെയായതോടെ തല്‍സ്ഥാനത്തുനിന്നും നീക്കി. 2002 ല്‍ സംയമീന്ദ്ര തീര്‍ഥയെ ശിഷ്യനായി തിരഞ്ഞെടുത്തു.
ഹിന്ദു സമൂഹത്തിന് നികത്താനാവാത്ത നഷ്ടമാണ് സുധീന്ദ്ര തീര്‍ത്തുടെ സമാധികൊണ്ട് ഉണ്ടാകുന്നത്. ഹിന്ദു സമൂഹം ഊര്‍ജ്ജം കൈവരിക്കുന്ന പുതിയ കാലഘട്ടത്തില്‍ സുധീന്ദ്ര തീര്‍ഥയുടെ ഓര്‍മ്മകള്‍ വരാനിരിക്കുന്ന തലമുറയ്ക്ക് കൂടി ശക്തി പകരും. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുന്നതിനെ പിന്തുണച്ച സ്വാമികള്‍ ഹിന്ദു സമൂഹത്തിന്റെ ഐക്യത്തിനായി എന്നും നില കൊണ്ടു.
Discussion about this post