ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പ്രായമായവർക്ക് വോട്ട് ഫ്രം ഹോം സൗകര്യം. തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിക്കാനായി വിളിച്ച് ചേർത്ത വാർത്താ സമ്മേളനത്തിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ ആണ് ഇക്കാര്യം അറിയിച്ചത്. പുതുതായി ചുമതലയേറ്റ തിരഞ്ഞെടുപ്പ് കമ്മീഷണർമാരെ അദ്ദേഹം പരിജയപ്പെടുത്തി.
85 വയസ്സ് കഴിഞ്ഞവർക്കാണ് വോട്ട് ഫ്രം ഹോം സൗകര്യം. ഇതിന് പുറമേ 40 ശതമാനത്തിലധികം ശാരീരിക വെല്ലുവിളി നേരിടുന്നവർക്കും വീട്ടിൽ ഇരുന്ന് വോട്ട് രേഖപ്പെടുത്താം. പോളിംഗ് ബൂത്തിൽ വന്ന് വോട്ട് രേഖപ്പെടുത്തേണ്ടവർക്ക് വീൽചെയർ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഒരുക്കും. 10.5 ലക്ഷം പോൡഗ് ബൂത്തുകളാണ് ഇക്കുറി സജ്ജീകരിക്കുക. എല്ലാ പോളിംഗ് ബൂത്തുകളിലും കുടിവെള്ള സൗകര്യം ഒരുക്കും. ഇതിന് പുറമേ ശൗചാലയങ്ങളും ഒരുക്കും. പ്രശ്‌നബാധികത മേഖലകളിൽ വോട്ടിംഗ് സുഗമമാക്കാൻ കേന്ദ്രസേനയെ വിന്യസിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
96.8 കോടി വോട്ടർമാരാണ് രാജ്യത്ത് ഉള്ളത്. 1.82 കോടി കന്നിവോട്ടർമാരാണ് ഇക്കുറി വോട്ട് രേഖപ്പെടുത്തുക.
ആകെ വോട്ടർമാരിൽ 49.7 പുരുഷ വോട്ടർമാരാണുള്ളത്. 47.1 സ്ത്രീ വോട്ടർമാരുമുണ്ട്. 48,000 പേർ ട്രാൻസ് ജെൻഡർ വോട്ടർമാരാണ്. കെവൈസി ആപ്പിലൂടെ സ്ഥാനാർത്ഥികളുടെ മുഴുവൻ വിവരങ്ങളും അറിയാമെന്നും രാജീവ് കുമാർ കൂട്ടിച്ചേർത്തു.










