ജയ്പൂർ: രാജസ്ഥാനിൽ തീവണ്ടി പാളം തെറ്റി. അജ്മേറിലായിരുന്നു സംഭവം. സബർമതി- ആഗ്ര സൂപ്പർഫാസ്റ്റ് എക്സ്പ്രസാണ് അപടത്തിൽപ്പെട്ടത്. സംഭവത്തിൽ ആളപായമില്ല.
പുലർച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. അജ്മേർ സ്റ്റേഷനിൽ നിന്നും മഡർ സ്റ്റേഷനിലേക്ക് പോകുകയായിരുന്നു തീവണ്ടി. ഇതിനിടെ മഡർ സ്റ്റേഷന് അൽപ്പം മുൻപുവച്ച് തീവണ്ടി പാളം തെറ്റുകയായിരുന്നു. നാല് കോച്ചുകൾ ആണ് പാളം തെറ്റിയത്. നാല് കോച്ചുകളിലുമായി നിരവധി പേരാണ് ഉണ്ടായിരുന്നത്. ഇവരിൽ ചിലർക്ക് നിസാര പരിക്കുണ്ട്. ഇവരെ അടുത്തുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആരുടെയും പരിക്കുകൾ ഗുരുതരമല്ലെന്ന് അധികൃതർ അറിയിച്ചു.
കോച്ചുകൾ പാളം തെറ്റാനുണ്ടായ കാരണം വ്യക്തമല്ല. സംഭവത്തിൽ റെയിൽവേ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. അപകടത്തിന് പിന്നാലെ ഇതുവഴിയുള്ള ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. അറ്റകുറ്റപ്പണികളെ തുടർന്ന് ഇതുവഴിയുള്ള ആറ് തീവണ്ടികൾ റദ്ദാക്കി. മറ്റ് ട്രെയിനുകൾ വൈകി ഓടുകയാണ്. അപകടത്തിന് പിന്നാലെ റെയിൽവേ ഹെൽപ് ലൈൻ നമ്പർ പുറത്തുവിട്ടു. 0145- 2429642 ആണ് ഹെൽപ് ലൈൻ നമ്പർ.
Discussion about this post