ന്യൂഡൽഹി: റഷ്യൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട വ്‌ളാഡിമിർ പുടിന് അഭിനന്ദനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. എക്‌സിലൂടെയാണ് പ്രധാനമന്ത്രി പുടിന് അഭിനന്ദനമറിയിച്ചത്. ഇന്ത്യയും റഷ്യയും തമ്മിലുള്ള ബന്ധം ശക്തമാക്കാൻ ഒന്നിച്ചു പ്രവർത്തിക്കാമെന്നും അദ്ദേഹം എക്‌സിൽ കുറിച്ചു.
‘റഷ്യൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട വ്‌ളാഡിമിർ പുടിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. വരും വർഷങ്ങളിൽ ഇന്ത്യയും റഷ്യയും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താനായി ഒന്നിച്ചു പ്രവർത്തിക്കാം’- പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു.
കഴിഞ്ഞ ദിവസം റഷ്യയിൽ നടന്ന തിരഞ്ഞെടുപ്പിൽ 87.8 ശതമാനം വോട്ടാണ് പുടിൻ നേടിയത്. അഞ്ചാം ഊഴം പൂർത്തിയാകുന്നതോടെ സോവിയറ്റ് ഭരണാധികാരിയായിരുന്ന ജോസഫ് സ്റ്റാലിനെ മറികടന്ന് ഏറ്റവും കൂടുതൽ കാലം റഷ്യൻ ഭരണാധികാരിയായ നേതാവായി പുടിൻ മാറും.








