ചെന്നെ: ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രകടന പത്രിക പുറത്തിറക്കി ഡിഎംകെ. ചെന്നെയിൽ നടന്ന പരിപാടിയിൽ എംപിയും എംകെ സ്റ്റാലിന്റെ സഹോദരിയുമായ കനിമൊഴിയുടെയും മറ്റ് പാർട്ടി അംഗങ്ങളുടെയും സാന്നിധ്യത്തിലാണ് സ്റ്റാലിൻ പ്രകടനപത്രിക പുറത്തിറക്കിയത്. ലോക്സഭാ സീറ്റുകളിലേക്കുള്ള 21 സ്ഥാനാർത്ഥികളെയും ഡിഎംകെ പ്രഖ്യാപിച്ചു.
നീറ്റ് പരീക്ഷ റദ്ദാക്കും പുതുച്ചേരിക്ക് സംസ്ഥാനപദവി നൽകും എന്നിങ്ങനെയുള്ള വാഗ്ദാനങ്ങളാണ് പ്രകടനപത്രികയിലെ പ്രഖ്യാപനങ്ങൾ. ഗവർണർ പദവി ഇല്ലാതാക്കും, ക്രിമിനൽ നടപടികളിൽ നിന്നും ഗവർണർക്ക് പരിരക്ഷ നൽകുന്ന ഭരണഘടന വകുപ്പ് ഭേദഗതി ചെയ്യും, ഇന്ത്യ മുന്നണി വിജയിച്ചാൽ പെട്രോൾ വില 75 രൂപയും ഡീസൽ വില 65 രൂപയുമാക്കി കുറയ്ക്കുമെന്നും പ്രകടനപത്രികയിൽ പറയുന്നു.
തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രകടനപത്രിക പുറത്തിറക്കുന്നതും അതിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ നിറവേററ്റുന്നതുമാണ് ഡിഎംെകയുടെ രീതിയെന്ന് സ്റ്റാലിൻ പറഞ്ഞു. അതാണ് തങ്ങളുടെ നേതാവ് പഠിപ്പിച്ചിരിക്കുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പോയി നിരവധിയാളുകളെ ഞങ്ങൾ കേട്ടു. ഇത് ഡിഎംകെയുടെ പ്രകടനപത്രിക മാത്രമല്ല, ജനങ്ങളുടെ പ്രകടനപത്രിക കൂടിയാണെന്നും സ്റ്റാലിൻ കൂട്ടിച്ചേർത്തു.
Discussion about this post