ഭോപ്പാൽ; സ്വന്തം ചർമ്മം കൊണ്ടുള്ള ചെരുപ്പ് അമ്മയ്ക്ക് സമ്മാനിച്ച് മകൻ. മദ്ധ്യപ്രദേശിലെ ഉജ്ജയിൻ സ്വദേശിയായ റൗണക് ഗുർജാർ ആണ് മതപരമായ ഒരു ചടങ്ങിനിടെ തന്റെ അമ്മയ്ക്ക് ഇങ്ങനെ ഒരു സമ്മാനം നൽകിയത്. ഭഗവാൻ ശ്രീരാമനാണ് തനിക്ക് ഈ പ്രവൃത്തിയ്ക്ക് പ്രചോദനമായതെന്നും അദ്ദേഹം വെളിപ്പെടുത്തി.
ഞാൻ പതിവായി രാമായണം പാരായണം ചെയ്യാറുണ്ട്. ശ്രീരാമൻ എന്നെ ആഴത്തിൽ സ്വാധീനിച്ചിട്ടുമുണ്ട്. അമ്മയ്ക്ക് വേണ്ടി സ്വന്തം തൊലി കൊണ്ട് ചെരുപ്പ് ഉണ്ടാക്കിയാലും മതിയാകില്ലെന്ന് ശ്രീരാമൻ തന്നെ പറഞ്ഞിട്ടുണ്ട്. ഈ ആശയമാണ് എന്റെ മനസ്സിൽ തങ്ങിയത്. അങ്ങനെയാണ് എന്റെ സ്വന്തം ചർമ്മം ഉപയോഗിച്ച് ചെരിപ്പ് ഉണ്ടാക്കി അമ്മയ്ക്ക് സമ്മാനിക്കാൻ തീരുമാനിച്ചതെന്ന് അദ്ദേഹം വെളിപ്പെടുത്തി.
ശസ്ത്രക്രിയയ്ക്ക് വിധേയനായി തന്റെ തുടയിൽ നിന്നെടുത്ത ചർമ്മം ഉപയോഗിച്ചാണ് ഗുർജർ അമ്മയ്ക്ക് ചെരിപ്പ് ഉണ്ടാക്കി നൽകിയത്. സ്വർഗം മാതാപിതാക്കളുടെ കാൽച്ചുവട്ടിലാണെന്നാണ് എനിക്ക് സമൂഹത്തോട് പറയാനുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അച്ഛൻ സ്വർഗത്തിലേക്കുള്ള ചവിട്ടുപടിയാണ്. അമ്മയാണ് നമുക്കായ് സ്വർഗം സൃഷ്ടിക്കുന്നതെന്നും ഗുർജാർ പറഞ്ഞു.
റൗണക്കിനെപ്പോലൊരു മകനെ കിട്ടിയത് ഭാഗ്യമായി കരുതുന്നു. ദൈവം അവനെ എല്ലാ പ്രയാസങ്ങളിൽ നിന്നും രക്ഷിച്ച് ദുഃഖങ്ങളില്ലാത്ത ജീവിതം നൽകി അനുഗ്രഹിക്കട്ടെയെന്ന്’ അമ്മ നിരുല പറഞ്ഞു.











