താനുമായുള്ള വിവാഹത്തിന് ശേഷം ഉണ്ടാവുന്ന ചെലവുകളുടെ കണക്ക് നൽകിയ യുവതിയുമായുള്ള കല്യാണത്തിൽ നിന്ന് പിൻമാറി യുവാവ്. കിഴക്കൻ ചൈനയിലെ ഷെജിയാങിലാണ് സംഭവം. വാങ് എന്ന യുവാവാണ് യുവതിയുടെ നീണ്ട ലിസ്റ്റ് കണ്ടതോടെ വിവാഹം ഉപേക്ഷിച്ച് ഒളിച്ചോടിയത്.
35 കാരനായ വാങ് ഈ മാസം ആദ്യമാണ് യുവതിയെ പരിചയപ്പെടുന്നത്. യുവതിയോട് അടുത്ത് ഇടപഴകിയപ്പോൾ താൻ ആഗ്രഹിച്ച പോലൊരു ബന്ധമാണ് ഇതെന്ന് അദ്ദേഹം കരുതി. എന്നാൽ അന്ന് വൈകുന്നേരം തന്നെ ഭാവിയിലെ ചെലവ് കണക്കുകളുടെ ലിസ്റ്റ് യുവതി വാങിന് അയച്ചു നൽകി. അക്ഷരാർത്ഥത്തിൽ ഞെട്ടിയ വാങ് വിവാഹത്തിൽ നിന്നും പിന്മാറി നാട് തന്നെ വിടുകയായിരുന്നു.
യുവതി അയച്ചു നൽകിയ കണക്കുകൾ അനുസരിച്ച് ഓരോ മാസവും സാധനങ്ങൾ വാങ്ങുന്നതിനും, യാത്രാ ചെലവിനും, വസ്ത്രങ്ങൾ വാങ്ങുന്നതിനും, ഇലക്ട്രോണിക് ഉപകരണങ്ങൾ വാങ്ങുന്നതിനുമായി 9,900 യുവാൻ ചെലവാക്കേണ്ടി വരുമെന്ന് വാങ് പറഞ്ഞു. കൂടാതെ തന്റെ വാർഷിക ശമ്പളം 200,000 യുവാനായി ഉയർത്തണമെന്നും യുവതി പറഞ്ഞതായി വാങ് പറയുന്നു. മാതാപിതാക്കൾക്കൊപ്പം ജീവിക്കുന്നതിനാൽ വാങിന് ഇത്തരം ചെലവുകളെക്കുറിച്ച് വലിയ ധാരണ ഉണ്ടാകില്ലെന്നും യുവതി പറഞ്ഞതായി വാങ് വെളിപ്പെടുത്തി.











