ന്യൂഡല്‍ഹി: സ്നേഹത്തിന്റെയും ഐക്യത്തിന്റെയും നിറങ്ങൾ വാരിയെറിയുന്ന ഹോളി ദിനത്തില്‍ ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എക്സിലൂടെ ആയിരുന്നു അദ്ദേഹം ആശംസകള്‍ അറിയിച്ചത്.
‘എല്ലാ ഭാരതീയർക്കും ഹോളി ആശംസകൾ അറിയിക്കുന്നു. സ്നേഹത്തിന്റെയും ഐക്യത്തിന്റെയും നിറങ്ങളാൽ അലങ്കരിച്ച ഈ ഉത്സവം എല്ലാവരുടെയും ജീവിതത്തിൽ പുതിയ ഊർജ്ജവും ഉത്സാഹവും പകരട്ടെ’ – പ്രധാനമന്ത്രി എക്സിൽ കുറിച്ചു.
ഇന്നലെ മുതൽ തന്നെ രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ ഹോളി ആഘോഷങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. തിന്മയ്‌ക്ക് മേലുള്ള നന്മയുടെ വിജയത്തെ സൂചിപ്പിക്കുന്ന ഹോളി ആഘോഷങ്ങൾക്ക് ഹോളിക ദഹൻ എന്ന ചടങ്ങോടെയാണ് തുടക്കമാകുക.
വടക്കേ ഇന്ത്യയില്‍ വിപുലമായ ആഘോഷമാണ് നടക്കുന്നത്. മഥുരയിലെയും വൃന്ദാവനിലെയും ആഘോഷങ്ങള്‍ ഇതിനകം തുടങ്ങി. ഇന്നലത്തെ ഛോട്ടി ഹോളി ആഘോഷങ്ങളില്‍ പതിനായിരങ്ങള്‍ പങ്കെടുത്തു.








