ചെന്നൈ: കമല്‍ ഹാസന്റെ പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യന്‍ 3 യുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയെന്ന് കമല്‍ ഹാസന്‍. ഒരു അഭിമുഖത്തില്‍ ആണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.
ചലച്ചിത്ര നിര്‍മ്മാണത്തിന്‍റെ വേഗം ഒരിക്കലും വർദ്ധിപ്പിക്കാൻ കഴിയില്ല. എത്ര സിനിമ ഇറക്കി എന്നതിൽ അല്ല കാര്യം. അതിനേക്കാള്‍ ഉപരി ചെയ്യുന്നവയുടെ ഗുണനിലവാരത്തിലാണ് കാര്യം. ഇന്ത്യന്‍ 2, ഇന്ത്യന്‍ 3 എന്നിവ ഇതിനകം പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഇന്ത്യന്‍ 2 ന്‍റെ പോസ്റ്റ് പ്രൊഡക്ഷന്‍ പുരോഗമിക്കുകയാണ്. അതിന് ശേഷം ഇന്ത്യന്‍ 3 ന്‍റെ പോസ്റ്റ് പ്രൊഡക്ഷന്‍ ആരംഭിക്കുമെന്നും കമല്‍ ഹാസന്‍ പറഞ്ഞു.
ശങ്കറിന്‍റെ സംവിധാനത്തില്‍ കമല്‍ ഹാസന്‍ നായകനായി 1996 ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ഇന്ത്യന്‍. 2018 ല്‍ ഇന്ത്യന്‍ 2 പ്രഖ്യാപിക്കപ്പെട്ടെങ്കിലും കോവിഡ് ഉള്‍പ്പെടെയുള്ള കാരണങ്ങളാല്‍ ചിത്രം നീണ്ടുപോയി. ഇപ്പോഴിതാ സിനിമാപ്രേമികളെ ഞെട്ടിപ്പിക്കുന്ന പ്രഖ്യാപനമാണ് താരം നടത്തിയിരിക്കുന്നത്.
ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ഇന്ത്യന്‍ 2 നിര്‍മ്മിക്കുന്നത് സുഭാസ്കരന്‍ അല്ലിരാജയുടെ ലൈക്ക പ്രൊഡക്ഷന്‍സും കമല്‍ ഹാസന്‍റെ രാജ്‍കമല്‍ ഫിലിംസും ഉദയനിധി സ്റ്റാലിന്‍റെ റെഡ് ജയന്‍റ് മൂവീസും ചേര്‍ന്നാണ്.












