മുംബൈ : മുംബൈ വിമാനത്താവളത്തിൽ വിദേശത്തുനിന്നുമെത്തിയ യുവതിയിൽ നിന്നും വൻതോതിൽ മയക്കുമരുന്ന് പിടിച്ചെടുത്തു. 20 കോടിയോളം രൂപ വിലമതിക്കുന്ന കൊക്കെയ്ൻ ആണ് പിടികൂടിയത്. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് കടത്ത് കണ്ടെത്താൻ കഴിഞ്ഞത്. രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്.
പശ്ചിമാഫ്രിക്കൻ രാജ്യമായ സിയറാ ലിയോണിൽ നിന്നും എത്തിയ യുവതിയിൽ നിന്നുമാണ് 1,979 ഗ്രാം തൂക്കം വരുന്ന കൊക്കെയ്ൻ പിടികൂടിയത്. ഷൂവിലും, ഷാമ്പൂ കുപ്പിയിലും മറ്റും ഒളിപ്പിച്ച നിലയിലായിരുന്നു കൊക്കെയ്ൻ കടത്തിയിരുന്നത്. ഡി ആർ ഐ നടത്തിയ ശാസ്ത്രീയ പരിശോധനയിൽ കൊക്കെയ്ൻ ആണെന്ന് സ്ഥിരീകരിച്ചതോടെ യുവതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ യുവതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.
Discussion about this post