വയനാട്: ചുള്ളിയോട് മാലിന്യക്കൂമ്പാരത്തിന് പീടിപിച്ച് ഒരാൾക്ക് ദാരുണാന്ത്യം. നെന്മേനി സ്വദേശി ഭാസ്‌കരനാണ് മരിച്ചത്. ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം.
നെന്മേനി പഞ്ചായത്തിലെ ഹരിതകർമ്മ സേന അംഗങ്ങൾ ശേഖരിച്ച മാലിന്യക്കൂമ്പാരത്തിലായിരുന്നു തീപിടിത്തം ഉണ്ടായത്. ഈ സമയം അതിന് അരികിലായുള്ള ഷെഡിൽ ഭാസ്‌കരൻ ഉറങ്ങുകയായിരുന്നു. മാലിന്യങ്ങൾക്ക് തീപിച്ചത് അദ്ദേഹം അറിഞ്ഞിരുന്നില്ല. അതിവേഗം തന്നെ ഈ തീ ഷെഡ്ഡിലേക്ക് വ്യാപിക്കുകയായിരുന്നു.
തീയും പുകയും ഉയരുന്നത് കണ്ട് നാട്ടുകാരാണ് വിവരം ഫയർഫോഴ്‌സിനെ അറിയിച്ചത്. ഉടനെ ഇവരെത്തി തീ അണയ്ക്കുകയായിരുന്നു. ഭാസ്‌കരൻ ഇവിടെയാണ് കിടന്നുറങ്ങാറുള്ളതെന്ന് നാട്ടുകാർ ഫയർഫോഴ്‌സിനോട് പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിൽ മൃതദേഹം കണ്ടെടുക്കുകയായിരുന്നു.
സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കനത്ത ചൂടിനെ തുടർന്ന് മാലിന്യം കത്തിയത് ആകാമെന്നാണ് സൂചന. ആരെങ്കിലും തീയിട്ടതാണോയെന്ന സംശയവും പോലീസിനുണ്ട്.












