റായ്പൂർ: മദ്യപിച്ച് സ്കൂളിലേക്ക് എത്തിയ അദ്ധ്യാപകനെ ചെരുപ്പ് കൊണ്ട് എറിഞ്ഞോടിച്ച് പ്രൈമറി സ്കൂൾ വിദ്യാർത്ഥികൾ. ഛത്തീസ്ഗഡിലെ ബസ്തറിലായിരുന്നു സംഭവം. വിദ്യാർത്ഥികളുടെ ചെരുപ്പേറ് സഹിക്കാനാകാതെ രക്ഷപ്പെട്ട് ഓടുന്ന അദ്ധ്യാപകന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
പിലിഭട്ട പ്രൈമറി സ്കൂളിൽ ആയിരുന്നു സംഭവം എന്നാണ് വീഡിയോയിൽ നിന്നും വ്യക്തമാകുന്നത്. അദ്ധ്യാപകന്റെ പേരോ മറ്റ് വിവരങ്ങളോ പുറത്തുവിട്ടിട്ടില്ല. സ്നേഹ മൊർദാനി എന്ന സമൂഹ മാദ്ധ്യമ ഉപയോക്താവ് ആണ് അദ്ധ്യാപകനെ വിദ്യാർത്ഥികൾ എറിഞ്ഞ് ഓടിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ടത്.
എല്ലാ ദിവസവും മദ്യപിച്ചാണ് അദ്ധ്യാപകൻ സ്കൂളിൽ എത്താറ് എന്നാണ് വിവരം. പഠിപ്പിക്കാതെ ഇയാൾ ക്ലാസ് മുറിയിൽ കിടന്ന് ഉറങ്ങും. ഏതെങ്കിലും വിദ്യാർത്ഥി പഠിപ്പിക്കാൻ ആവശ്യപ്പെട്ടാൽ ഇയാൾ ശകാരിക്കുകയും അടിക്കുകയും ചെയ്യുമായിരുന്നു. കഴിഞ്ഞ ദിവസവും പതിവ് പോലെ മദ്യപിച്ച് ബോധമില്ലാതെ അദ്ധ്യാപകൻ സ്കൂളിൽ എത്തി. ഇത് കണ്ട വിദ്യാർത്ഥികൾ ഷൂസും ചെരിപ്പുമെടുത്ത് അദ്ധ്യാപകനെ എറിയുകയായിരുന്നു. ഏറു കൊണ്ട ഇയാൾ വന്ന ബൈക്കിൽ തന്നെ തിരിച്ചു മടങ്ങി.
Discussion about this post