എറണാകുളം: യേശുവിന്റെ ത്യാഗത്തിന്റെയും കുരിശുമരണത്തിന്റെയും സ്മരണയിൽ ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ദു;ഖവെള്ളി ആചരിക്കുന്നു. അർദ്ധരാത്രി മുതൽക്ക് തന്നെ ഈ ദിനത്തോട് അനുബന്ധിച്ചുള്ള പ്രത്യേക പ്രാർത്ഥനകളും ചടങ്ങുകളും ആരംഭിച്ചു. ദു:ഖവെള്ളി ദിനത്തിൽ കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളിലും പ്രത്യേക ശുശ്രൂഷകൾ നടക്കുന്നുണ്ട്.
എറണാകുളം മലയാറ്റൂർ സെൻറ് തോമസ് പള്ളിയിൽ പുലർച്ചെ മുതൽ തന്നെ വിശ്വാസികൾ മലകയറാൻ ആരംഭിച്ചു. മുൻ വർഷത്തെ അപേക്ഷിച്ച് ഇന്ന് വലിയ തിരക്കാണ് ഇവിടെ അനുഭവപ്പെടുന്നത്. കോട്ടയം കുടമാളൂർ സെൻറ് മേരീസ് ആർക്കി എപ്പിസ്കോപ്പൽക് പള്ളിയിലും പ്രത്യേക പ്രാർത്ഥനകൾ പുരോഗമിക്കുകയാണ്. പ്രാർത്ഥനകൾക്ക് സിറോ മലബാർ സഭ അധ്യക്ഷൻ, മേജർ ആർച്ച് ബിഷപ്പ് റാഫേൽ തട്ടിലാണ് നേതൃത്വം നൽകുന്നത്.
എറണാകുളം സെൻറ് ഫ്രാൻസീസ് അസീസി കത്തീഡ്രലിൽ വൈകുന്നേരം പ്രത്യേക പ്രാർത്ഥനകളും ചടങ്ങുകളും ഉണ്ടാകും. ഇതിന് ലത്തീൻ സഭ വരാപ്പുഴ അതിരൂപത ആർച്ച് ബിഷപ്പ്, ജോസഫ് കളത്തിപ്പറമ്പിൽ കാർമ്മികത്വം വഹിക്കും. യാക്കോബായ സഭ മെത്രാപൊലീത്തൻട്രസ്റ്റി,ബിഷപ്പ് ജോസഫ് മാർ ഗ്രിഗോറിയോസിന്റെ നേതൃത്വത്തിലാകും എറണാകുളം തിരുവാങ്കുളം കൃംന്താ സെമിനാരിയിൽ ചടങ്ങുകൾ നടക്കുക. ഓർത്തഡോക്സ് സഭ കൊല്ലം ഭദ്രാസനാധിപൻ, ബിഷപ്പ് ഡോ.ജോസഫ് മാർ ദിവന്നാസിയോസ് തിരുവല്ല വളഞ്ഞവട്ടം സെൻറ് മേരീസ് പള്ളിയിൽ ചടങ്ങുകൾക്ക് നേതൃത്വം നൽകും.
Discussion about this post