ചണ്ഡീഗഡ്: പഞ്ചാബിൽ പിറന്നാൾ കേക്കിൽ നിന്നും വിഷബാധയേറ്റ് 10 വയസ്സുകാരി മരിച്ചു. പട്യാല സ്വദേശിനിയായ മൻവി ആണ് മരിച്ചത്. കേക്ക് കഴിച്ച് ഗുരുതരാവസ്ഥയിലായ മൻവിയുടെ സഹോദരി ആശുപത്രിയിൽ ചികിത്സയിലാണ്.
കഴിഞ്ഞ ദിവസമായിരുന്നു സംഭവം. പിറന്നാളിന് മുറിയ്ക്കാനായി ഓൺലൈൻ ആയിട്ടാണ് കേക്ക് വാങ്ങിയത്. 12 മണിയോടെ ഇത് മുറിച്ച് പിറന്നാൾ ആഘോഷിച്ചു. തുടർന്ന് കിടന്നുറങ്ങിയ കുട്ടികൾക്ക് പുലർച്ചെ മൂന്ന് മണിയോടെ ശാരീരിക അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു.
കടുത്ത ഛർദ്ദിയായിരുന്നു ഇരുവർക്കും. ഇതേ തുടർന്ന് ഉടനെ ഇവരെ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ ആശുപത്രിയിൽ എത്തുന്നതിന് മുൻപേ തന്നെ മൻവിയ്ക്ക് ജീവൻ നഷ്ടമായിരുന്നു.
സഹോദരിയ്ക്ക് പുറമേ മാതാപിതാക്കളും മറ്റ് അംഗങ്ങളും കേക്ക് കഴിച്ചിരുന്നു. എന്നാൽ ഇവർക്ക് പ്രശ്‌നങ്ങളില്ല. ഇളയ സഹോദരിയെ ആണ് മൻവിയ്‌ക്കൊപ്പം കേക്ക് കഴിച്ചത്. സംഭവത്തിൽ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവത്തിൽ ഭക്ഷ്യസുരക്ഷാ വകുപ്പും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം മൻവി കേക്ക് മുറിയ്ക്കുന്നതിന്റെയും കുടുംബാംഗങ്ങൾക്ക് നൽകുന്നതിന്റെയും ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നുണ്ട്.








