ഇടുക്കി : ഇടുക്കി ജില്ലയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനോ മറ്റു പരസ്യങ്ങൾക്ക് വേണ്ടിയോ തെർമോകോൾ ഉപയോഗിക്കുന്നതിന് വിലക്ക്. കമാനങ്ങളിലും മറ്റും തെർമോക്കോൾ ഉപയോഗിച്ചുള്ള അക്ഷരങ്ങൾ ഉപയോഗിക്കരുതെന്നും നിർദ്ദേശമുണ്ട്. ജില്ലാ ഗ്രീൻ പ്രോട്ടോകോൾ നോഡൽ ഓഫീസർ ആണ് ഈ ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്.
തെർമോക്കോളുകൾ സൂക്ഷിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നത് പതിനായിരം രൂപ വരെ പിഴ ചുമത്താവുന്ന കുറ്റമാണെന്നും ഇടുക്കി ജില്ലാ ഗ്രീൻ പ്രോട്ടോകോൾ നോഡൽ ഓഫീസർ അറിയിച്ചു. കൂടാതെ തിരഞ്ഞെടുപ്പ് പ്രചാരണ പരസ്യങ്ങൾക്ക് ഉപയോഗിക്കുന്നവ നിരോധിത ഉൽപ്പന്നം അല്ലെന്ന് കാണിച്ച് മലിനീകരണ നിയന്ത്രണ ബോർഡ് നൽകുന്ന സാക്ഷ്യപത്രം ഉള്ള ഉത്പന്നങ്ങൾ ഉപയോഗിച്ച് പ്രിന്റിംഗ് നടത്തണമെന്നും നിർദ്ദേശമുണ്ട്.
തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി സ്ഥാപിക്കുന്ന ബോർഡുകളിലും ബാനറുകളിലും അവ പ്രിന്റ് ചെയ്യുന്ന സ്ഥാപനത്തിന്റെ പേര്, ഫോൺ നമ്പർ, റീസൈക്കിൾ ലോഗോ എന്നിവ കൃത്യമായി രേഖപ്പെടുത്തിയിരിക്കണം. കൃത്യമായ രേഖകൾ ഇല്ലാതെ ബോർഡുകൾ സ്ഥാപിച്ചവർക്കെതിരെ നടപടി ഉണ്ടാകും എന്നും ഇടുക്കി ജില്ലാ ഗ്രീൻ പ്രോട്ടോകോൾ നോഡൽ ഓഫീസർ അറിയിച്ചു.








