തിരുവനന്തപുരം: വേനൽ ചൂടിനിടെ വർദ്ധിച്ച് വൈദ്യുതി ഉപഭോഗം. സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം വീണ്ടും വർദ്ധിച്ച് സർവ്വകാല റെക്കോർഡ് ഭേദിച്ചു. 104.82 ദശലക്ഷം യൂണിറ്റാണ് ഇന്നലത്തെ മൊത്ത വൈദ്യുതി ഉപഭോഗം.
കഴിഞ്ഞ മാസം 27 നായിരുന്നു ഇതിന് മുൻപ് സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വൈദ്യുതി ഉപഭോഗം റിപ്പോർട്ട് ചെയ്തത്. 104.63 ദശലക്ഷം യൂണിറ്റ് വൈദ്യുതി ആയിരുന്നു അന്ന് ഉപയോഗിച്ചത്. ഇതാണ് ഇന്നലെ മറികടന്നത്. കഴിഞ്ഞ ദിവസങ്ങളിൽ കഠിനമായ ചൂടാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. ചൂടിനെ തുടർന്നുള്ള ഫാനിന്റെയും എസിയുടെയും ഉപയോഗമാണ് വൈദ്യുതി ഉപഭോഗം റെക്കോർഡ് ഭേദിക്കാൻ കാരണം ആയത് എന്നാണ് സൂചന.
പീക്ക് സമയ ആവശ്യകതയും വർധിച്ചിട്ടുണ്ട്. ഇന്നലെ വൈകീട്ട് 6 മുതൽ 11 വരെ 5265 മെഗാവാട്ട് വൈദ്യുതിയാണ് ഉപയോഗിച്ചതെന്നാണ് വിവരം. അതേസമയം വൈദ്യുതി ഉപഭോഗം കൂടുന്ന സാഹചര്യത്തിൽ കെഎസ്ഇബി അമിത വിലയ്ക്ക് വൈദ്യുതി പവർ എക്സ്ചേഞ്ചിൽ നിന്നും വാങ്ങുന്നുണ്ട്. 300 മുതൽ 600 മെഗാവാട്ട് വരെ വൈദ്യുതിവരെയാണ് വാങ്ങുന്നത്.
Discussion about this post