കാസർകോഡ് : വിദ്യാർത്ഥിനിയെ ഹോസ്റ്റലിലെ കുളിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കാസർകോഡ് പെരിയ കേരള കേന്ദ്ര സർവകലാശാലയിലെ വിദ്യാർത്ഥിനിയാണ് ആത്മഹത്യ ചെയ്തത്. ഒഡീഷ സ്വദേശിനിയായ റൂബി പട്ടേൽ എന്ന വിദ്യാർത്ഥിനിയെ ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ ഹോസ്റ്റലിലെ കുളിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
പെരിയയിലെ കേരള കേന്ദ്രസർവകലാശാലയിൽ ഹിന്ദി ആൻഡ് കംപാരിറ്റീവ് ലിറ്ററേച്ചറിൽ പിഎച്ച്ഡി ചെയ്തുകൊണ്ടിരിക്കുന്ന വിദ്യാർഥിനിയായിരുന്നു റൂബി പട്ടേൽ. എന്താണ് വിദ്യാർത്ഥിനിയെ ആത്മഹത്യയിലേക്ക് നയിക്കാൻ കാരണമായതെന്ന് കണ്ടെത്താനായിട്ടില്ല. ബേക്കൽ പോലീസ് സ്ഥലത്തെത്തി മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
കാസർകോട് പെരിയ കേരള കേന്ദ്ര സർവകലാശാലയിൽ ഈ വർഷം നടക്കുന്ന രണ്ടാമത്തെ മരണമാണിത്. രണ്ടു മരണങ്ങൾ കൂടാതെ മറ്റൊരു വിദ്യാർത്ഥി ആത്മഹത്യക്ക് ശ്രമിക്കുകയും ചെയ്തിരുന്നു. സംഭവത്തെക്കുറിച്ച് കൂടുതൽ വിശദമായി അന്വേഷിക്കും എന്ന് പോലീസ് അറിയിച്ചു.








