ചെന്നൈ : രാജീവ് ഗാന്ധി വധക്കേസിൽ ജയിൽ മോചിതരായ മൂന്നു പ്രതികൾ ശ്രീലങ്കയിലേക്ക് മടങ്ങി. ജയിൽ മോചിതരായശേഷം ചെന്നൈയിലെ വിവിധ ക്യാമ്പുകളിൽ കഴിഞ്ഞു വരികയായിരുന്നു ഇവർ. ഏതാനും ദിവസങ്ങൾക്കു മുൻപ് ശ്രീലങ്ക ഇവർക്ക് പാസ്പോർട്ട് അനുവദിച്ചതോട് കൂടിയാണ് ഇവരുടെ മടക്കയാത്ര സാധ്യമായത്.
മുരുകൻ, റോബർട്ട് പയസ്, ജയകുമാർ എന്നിവരാണ് ബുധനാഴ്ച ശ്രീലങ്കയിലേക്ക് മടങ്ങിയത്. നേരത്തെ ജയിൽ മോചിതയായ മുരുകന്റെ ഭാര്യ നളിനി ഇവരെ യാത്രയയക്കുന്നതിനായി വിമാനത്താവളത്തിൽ എത്തിയിരുന്നു. ഇന്ത്യൻ പൗരയായ നളിനി യുകെയിലുള്ള മകളുടെ അടുത്തേക്ക് പോകാനുള്ള തയ്യാറെടുപ്പിലാണ്. കൊളംബോയിൽ എത്തിച്ചേർന്നശേഷം ഭർത്താവ് മുരുകനും യുകെയിലേക്ക് പോകാൻ കഴിയും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ബുധനാഴ്ച രാവിലെ ചെന്നൈയിൽ നിന്നും കൊളംബോയിലേക്ക് ഉള്ള വിമാനത്തിലാണ് ഇവർ യാത്രയായത്. 2022 ൽ ആയിരുന്നു രാജീവ് ഗാന്ധി വധക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിഞ്ഞിരുന്ന ആറ് പ്രതികളെ മോചിപ്പിച്ചത്. രാജീവ് ഗാന്ധിയുടെ ഭാര്യ സോണിയാഗാന്ധിയുടെയും തമിഴ്നാട്ടിലെ ഭരണകക്ഷിയായ ഡിഎംകെയുടെയും ഇടപെടലുകളെ തുടർന്നാണ് പ്രതികളുടെ മോചനം സാധ്യമായത്. ജയിൽ മോചിതരായ ശേഷം തിരുച്ചിറപ്പള്ളിയിലെ പ്രത്യേക ക്യാമ്പിൽ കഴിഞ്ഞു വരികയായിരുന്നു പ്രതികൾ. ശ്രീലങ്കയിലേക്ക് മടങ്ങാനായി അനുമതി ലഭിച്ചിരുന്ന മറ്റൊരു പ്രതി ശാന്തൻ മടക്കയാത്രയ്ക്ക് മുൻപ് തന്നെ മരണപ്പെട്ടിരുന്നു.
Discussion about this post