ന്യൂയോർക്ക് : സമ്പൂർണ്ണ സൂര്യഗ്രഹണവുമായി ബന്ധപ്പെട്ട് യുഎസ് സർക്കാർ പ്രത്യേക മുന്നറിയിപ്പുകൾ നൽകി. വളർത്തു മൃഗങ്ങളുടെ ഉടമകൾ പ്രത്യേകം ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പിൽ സൂചിപ്പിക്കുന്നു. 2024ലെ സമ്പൂർണ്ണ സൂര്യഗ്രഹണം യുഎസിൽ ഏപ്രിൽ എട്ടിനാണ് നടക്കുക. മെയ്ൻ മുതൽ ടെക്സാസ് വരെ ദൃശ്യമാകുന്ന സൂര്യഗ്രഹണം ആയിരിക്കും എന്നാണ് ശാസ്ത്രജ്ഞർ അഭിപ്രായപ്പെടുന്നത്.
സമ്പൂർണ്ണ സൂര്യഗ്രഹണ സമയത്തും അതിനു മുൻപ് ആയും വളർത്തു മൃഗങ്ങൾ വിചിത്രമായ പെരുമാറ്റം കാണിച്ചേക്കാം എന്നാണ് ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകുന്നത്. ഇടിമിന്നൽ കാണുമ്പോഴും പടക്കത്തിന്റെയോ ഇടിവെട്ടിന്റെയോ ശബ്ദങ്ങൾ കേൾക്കുമ്പോഴോ ഉണ്ടാകുന്ന രീതിയിൽ വളർത്തു മൃഗങ്ങളിൽ ഉത്കണ്ഠയുടെയും ആശങ്കയുടെയും ലക്ഷണങ്ങൾ ഉണ്ടാകാമെന്ന് മുന്നറിയിപ്പ് സൂചിപ്പിക്കുന്നു.
മുന്നറിയിപ്പുകൾ കണക്കിലെടുത്ത് വളർത്തുമൃഗങ്ങളുടെ ഉടമകൾ സമ്പൂർണ്ണ സൂര്യഗ്രഹണ സമയത്ത് വളർത്തു മൃഗങ്ങളെ വീടുകൾക്കുള്ളിൽ സൂക്ഷിക്കണമെന്ന് നിർദ്ദേശമുണ്ട്. ഈ സമയത്ത് മൃഗങ്ങൾ സാധാരണമായ രീതിയിൽ നഖങ്ങൾ നീട്ടാനോ ഒച്ചയുണ്ടാക്കാനോ കൂടുകൾക്കുള്ളിൽ ഓടി നടക്കാനോ സാധ്യതയുണ്ടെന്ന് ശാസ്ത്രജ്ഞർ അറിയിക്കുന്നു. എന്നാൽ മറ്റു ചിലപ്പോൾ ചില മൃഗങ്ങൾ പതിവിന് വിപരീതമായി വളരെ നിശബ്ദമായി ഇരിക്കാൻ ആയിരിക്കും സാധ്യത എന്നും സൂചനയുണ്ട്. ഇത്തരം സാഹചര്യങ്ങൾ കണക്കിലെടുത്ത് ഉടമകൾ പരമാവധി മൃഗങ്ങളെ കൂടെ നിർത്താനായി ശ്രദ്ധിക്കണമെന്നാണ് യുഎസ് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്.
Discussion about this post