കോഴിക്കോട് : ഇന്ത്യാ രാജ്യവും ഭരണഘടനയും നിലനിർത്താനായി എല്ലാ മതേതര ജനാധിപത്യ വിശ്വാസികളും വരുന്ന ലോക്സഭ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യണമെന്ന് പാളയം ചീഫ് ഇമാം ഹുസൈൻ മടവൂർ. കോഴിക്കോട് കടപ്പുറത്ത് നടന്ന സംയുക്ത ഈദ് ഗാഹിൽ നടത്തിയ പ്രസംഗത്തിലാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്. തിരഞ്ഞെടുപ്പ് ദിവസം വോട്ട് നഷ്ടപ്പെടുന്ന വിധത്തിൽ വിനോദയാത്രയും ഉംറ യാത്രയും ഒഴിവാക്കണമെന്നും ഹുസൈൻ മടവൂർ വിശ്വാസികളോട് ആവശ്യപ്പെട്ടു.
സാഹചര്യം പരിഗണിച്ച് തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ ഉള്ള ഉദ്യോഗസ്ഥർക്ക് ജുമുഅ നമസ്കാരം അന്നേദിവസം ഒഴിവാക്കാമെന്നും ഹുസൈൻ മടവൂർ അറിയിച്ചു. വോട്ട് ചെയ്യാൻ പോകുന്നതിനു സൗകര്യപ്രദമായ വിധത്തിൽ വിശ്വാസികൾ ജുമുഅ നമസ്കാരവും ഖുതുബയും അന്നേദിവസം മിനിമം രൂപത്തിൽ നടത്തിയാൽ മതി എന്നും അദ്ദേഹം വ്യക്തമാക്കി.
കോഴിക്കോട് കടപ്പുറത്ത് നടന്ന ഈദ് ഗാഹിൽ നിരവധി പ്രമുഖർ പങ്കെടുത്തു. എംപിമാരായ എം കെ രാഘവൻ, എളമരം കരീം എന്നിവരും ഈദ് ഗാഹിൽ എത്തി വിശ്വാസികൾക്ക് ആശംസകൾ അറിയിച്ചു. കോഴിക്കോട് നടന്ന സംയുക്ത ഈദ് ഗാഹിൽ ഇരുപതിനായിരത്തോളം വിശ്വാസികളാണ് പങ്കെടുത്തത്.
Discussion about this post