തിരുവനന്തപുരം: വിഷു ദിനത്തിലും സംസ്ഥാനത്ത് വേനൽ മഴ. ഇന്ന് അഞ്ച് ജില്ലകളിൽ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അതേ സമയം ഉച്ച നേരങ്ങളിൽ കനത്ത ചൂടും അനുഭവപ്പെട്ടേക്കാം.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം,തൃശ്ശൂർ ജില്ലകളിലാണ് മഴ ലഭിക്കുക. ഉച്ചയ്ക്ക് ശേഷമാകും മഴയ്ക്ക് സാദ്ധ്യതയെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. വരും മണിക്കൂറുകളിൽ തൃശ്ശൂർ, പാലക്കാട് എന്നീ ജില്ലകളിൽ
ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും കാറ്റിനും സാദ്ധ്യതയുണ്ട്. മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനാണ് സാദ്ധ്യതയെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.
വരും ദിവസങ്ങളിലും സംസ്ഥാനത്ത് മഴ ലഭിക്കും. നാളെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം,തൃശ്ശൂർ എന്നീ ജില്ലകളിലാണ് വേനൽ മഴയ്ക്ക് സാദ്ധ്യതയുള്ളത്. മറ്റെന്നാൾ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലാണ് മഴ ലഭിക്കുക. 17ാം തിയതി കോട്ടയം, എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും നേരിയ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിൻറെ പ്രവചനം.
Discussion about this post