ദുലീപ് ട്രോഫി മത്സരത്തിൽ നോർത്ത് ഈസ്റ്റ് സോണിനെതിരെ അപ്രതീക്ഷിത ബൗളിംഗ് പ്രകടനവുമായി ഈസ്റ്റ് സോൺ യുവതാരം വൈഭവ് സൂര്യവംശി. ആദ്യ ഇന്നിംഗ്സിൽ എട്ട് റൺസെടുത്ത് ബാറ്റിംഗിൽ നിരാശപ്പെടുത്തിയ പതിനഞ്ചുകാരനായ സൂര്യവംശി, തന്റെ പാർട്ട് ടൈം ഇടംകൈയ്യൻ സ്പിൻ ബൗളിംഗിലൂടെ ഒരൊറ്റ ഓവറിൽ രണ്ട് വിക്കറ്റുകൾ പിഴുതാണ് മത്സരത്തിൽ ഈസ്റ്റ് സോണിന്റെ ആധിപത്യം ഉറപ്പിച്ചത്.
മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഈസ്റ്റ് സോൺ 467 റൺസിന്റെ കൂറ്റൻ സ്കോർ പടുത്തുയർത്തിയപ്പോൾ, മറുപടിക്കിറങ്ങിയ നോർത്ത് ഈസ്റ്റ് സോൺ ഒന്നാം ഇന്നിംഗ്സിൽ വെറും 111 റൺസിന് പുറത്താവുകയും തുടർന്ന് ഫോളോ ഓൺ വഴങ്ങുകയുമായിരുന്നു.
രണ്ടാം ഇന്നിംഗ്സിൽ എതിരാളികളെ വേഗത്തിൽ ചുരുട്ടിക്കെട്ടാനായി ക്യാപ്റ്റൻ ഇഷാൻ കിഷൻ പന്ത് വൈഭവിന് കൈമാറുകയായിരുന്നു. കിഷന്റെ തീരുമാനത്തെ പൂർണ്ണമായും ശരിവെച്ചുകൊണ്ട് മൂന്ന് പന്തുകൾക്കിടെ കിഷൻ ലിങ്ദോ, ഇംലിവാതി ലെംതൂർ എന്നിവരെ മടക്കി അയച്ച് സൂര്യവംശി നോർത്ത് ഈസ്റ്റ് സോണിനെ 79/7 എന്ന നിലയിലേക്ക് തള്ളിവിട്ടു.
ആദ്യ വിക്കറ്റിൽ ഫ്ലൈറ്റ് ചെയ്ത പന്തിൽ വലിയ ഷോട്ടിന് ശ്രമിച്ച ലിങ്ദോയെ സബ്സ്റ്റിറ്റ്യൂട്ട് ഫീൽഡർ ഡെനിഷ് ദാസ് ക്യാച്ചെടുത്തു പുറത്താക്കിയപ്പോൾ, രണ്ട് പന്തുകൾക്ക് ശേഷം ലെംതൂറിനെ വിക്കറ്റ് കീപ്പർ ഇഷാൻ കിഷന്റെ കൈകളിലെത്തിച്ചാണ് താരം മടക്കിയത്. ബാറ്റിംഗിലെ വീഴ്ചയ്ക്ക് ബൗളിംഗിലൂടെ പരിഹാരം കണ്ടെത്തിയ സൂര്യവംശിയുടെ തകർപ്പൻ പ്രകടനം ഈസ്റ്റ് സോണിനെ തകർപ്പൻ വിജയത്തിന്റെ വക്കിലെത്തിച്ചിരിക്കുകയാണ്.












