കോട്ടയം;ട്രെയിനിനുള്ളിൽ വച്ച് യാത്രക്കാരന് പാമ്പ് കടിയേറ്റതായി സംശയം. ഗുരുവായൂർ- മധുര എക്സ്പ്രസിലെ യാത്രക്കാരനെയാണ് പാമ്പ് കടിച്ചതായി സംശയിക്കുന്നത്. ട്രെയിൻ ഏറ്റുമാനൂരിൽ എത്തിയപ്പോഴാണ് ഏഴാം നമ്പർ ബോഗിയിൽ യാത്ര ചെയ്യുകയായിരുന്ന മധുര സ്വദേശിയായ കാർത്തിക്കിന് (21) പാമ്പ് കടിയേറ്റതായി സംശയം തോന്നിയത്. പിന്നാലെ ഇയാളെ ആംബുലൻസിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്നുരാവിലെ 9.30 മണിയോടെയാണ് സംഭവം.
തുടർന്ന് ട്രെയിൻ കോട്ടയം റെയിൽവേ സ്റ്റേഷനിൽ എത്തിച്ചതിനുശേഷം ഏഴാം നമ്പർ ബോഗിയിലെ യാത്രക്കാരെ മറ്റൊരിടത്തേയ്ക്ക് മാറ്റി ബോഗി സീൽ ചെയ്തതിനുശേഷമാണ് യാത്ര തുടർന്നത്. ബോഗിയിൽ പരിശോധന നടത്തിയെങ്കിലും പാമ്പിനെ കണ്ടെത്താനായില്ല.
പാമ്പല്ല എലിയാകാം കടിച്ചതെന്നാണ് പോലീസ് സംശയിക്കുന്നത്. പരിശോധനകൾക്ക് ശേഷമേ ഇത് സ്ഥിരീകരിക്കാനാവുകയുള്ളൂവെന്ന് പോലീസ് പറയുന്നു.കാർത്തിക് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ തുടരുകയാണ്.
Discussion about this post