രാജ്യത്തെ സുപ്രധാനമായ തിരിച്ചറിയൽ രേഖകളിൽ ഒന്നാണ് ഇന്ന് ആധാർ കാർഡ്. ഇന്ത്യയിലെ വിവിധ സർക്കാർ സബ്‌സിഡികളും സ്കീമുകളും ലഭിക്കുന്നതിനും ഇന്ന് ആധാർ കാർഡ് നിർബന്ധമാണ്. ബാങ്ക് അക്കൗണ്ട് തുറക്കുന്നത് മുതൽ പാസ്‌പോർട്ടിന് അപേക്ഷിക്കുകയോ മൊബൈൽ സിം കാർഡ് എടുക്കുന്നത് വരെയുള്ള കാര്യങ്ങൾക്ക് ആധാർ കാർഡ് വേണം. ആധാർ കാർഡിൽ ബ്ലൂ ആധാർ എന്ന വിഭാഗം ഉണ്ട്. എന്താണ് ബ്ലൂ ആധാർ?
കുട്ടികൾക്കായി നൽകുന്ന ആധാർ കാർഡാണ് ബ്ലൂ ആധാർ. ബാൽ ആധാർ എന്നും പേരുണ്ട് യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) 2018 ൽ, അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികൾക്കായി പ്രത്യേകം രൂപകൽപ്പന ചെയ്തൂതാണ് ബ്ലൂ ആധാർ. വിവിധ സർക്കാർ ക്ഷേമ പരിപാടികളിൽ കുട്ടികളെ ഉൾപ്പെടുത്തുമ്പോൾ നടപടികൾ എളുപ്പമാക്കാൻ ഇത് സഹായിക്കുന്നു.
കുട്ടികൾക്കുള്ള ഈ ആധാർ പൂർണമായും സൗജന്യമാണ്. നീല ആധാറിന് തുടക്കത്തിൽ കുട്ടിയുടെ ബയോമെട്രിക് വിവരങ്ങൾ ആവശ്യമില്ല. എന്നാൽ കുട്ടിക്ക് 5 വയസ് തികയുമ്പോൾ, അവന്റെ/ അവളുടെ ബയോമെട്രിക്‌സ് (മുഖചിത്രം, ഐറിസ് സ്‌കാൻ, വിരലടയാളം) വിവരങ്ങൾ ആധാർ കാർഡിൽ നിർബന്ധമായും അപ്‌ഡേറ്റ് ചെയ്യണം എന്നതാണ് മാനദണ്ഡം.
ഇതിൽ കുട്ടിയുടെ ബയോമെട്രിക് വിവരങ്ങൾ ശേഖരിക്കുന്നില്ലെന്ന് നേരത്തെ പറഞ്ഞല്ലോ. എന്നാൽ കൃത്യമായ ആധികാരികത ഉറപ്പിക്കുവാനായി കുട്ടിയുടെ ആധാർ നമ്പർ മാതാപിതാക്കളുടെ ആധാറുമായി ബന്ധിപ്പിച്ചിരിക്കുന്നു. അതാണ് ഇതിന്റെ പ്രത്യേകത. മാത്രമല്ല, ഇവ കുട്ടിയുടെ ഏത് തരത്തിലുള്ള ഔദ്യോഗിക ആവശ്യങ്ങൾക്കും ഉപയോഗിക്കാം.
യുഐഡിഎഐ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് മാതാപിതാക്കൾക്ക് നവജാതശിശുക്കൾക്ക് വേണ്ടി നീല ആധാറിനായി അപേക്ഷിക്കാം. അപേക്ഷിക്കേണ്ട വിധം എങ്ങനെയാണ്
* uidai.gov.in എന്ന യുഐഡിഎഐ വെബ്സൈറ്റ് സന്ദർശിക്കുക.
* ആധാർ കാർഡ് രജിസ്ട്രേഷനുള്ള ഓപ്ഷൻ തിരഞ്ഞെടുക്കുക.
* കുട്ടിയുടെ പേര്, മാതാപിതാക്കളുടെ/രക്ഷകന്റെ ഫോൺ നമ്പർ, മറ്റ് അവശ്യ വിവരങ്ങൾ എന്നിവ പൂരിപ്പിക്കുക.
* ആധാർ കാർഡ് രജിസ്ട്രേഷനുള്ള അപ്പോയിന്റ്മെന്റ് ഓപ്ഷൻ തിരഞ്ഞെടുക്കുക.
* അടുത്തുള്ള എൻറോൾമെന്റ് സെന്റർ കണ്ടെത്തി ഒരു അപ്പോയിന്റ്മെന്റ് ഷെഡ്യൂൾ ചെയ്യുക.
* നിങ്ങളുടെ ആധാർ, കുട്ടിയുടെ ജനനത്തീയതി, റഫറൻസ് നമ്പർ മുതലായവയുമായി ആധാർ കേന്ദ്രത്തിൽ ഹാജരാകുക.
* കേന്ദ്രത്തിൽ ആവശ്യമായ നടപടിക്രമങ്ങൾ പൂർത്തിയാക്കുക.








