ടോക്കിയോ: കിഴക്കൻ ജപ്പാനിൽ വീണ്ടും ശക്തമായ ഭൂചലനം. റിച്ചർ സ്കെയിലിൽ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ തലസ്ഥാനമായ ടോക്കിയോ ഉൾപ്പെടെയുള്ള പ്രദേശങ്ങൾ പ്രകമ്പനം കൊണ്ടു. പ്രദേശവാസികൾ ഉറങ്ങിക്കിടക്കവെ ഞായറാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് വൻ പ്രകമ്പനമുണ്ടായത്. പെട്ടെന്നുള്ള കുലുക്കത്തിൽ പരിഭ്രാന്തരായി ആളുകൾ വീടുകളിൽ നിന്നും കെട്ടിടങ്ങളിൽ നിന്നും പുറത്തേക്കോടാൻ ശ്രമിക്കുന്നതിനിടെ വീണു വീണാണ് ഭൂരിഭാഗം പേർക്കും പരിക്കേറ്റത്. നാല് പ്രവിശ്യകളിലായി ഇതുവരെ 23 ഓളം പേർക്ക് പരിക്കേറ്റതായി അധികൃതർ സ്ഥിരീകരിച്ചു. സെയ്താമയിൽ ഒമ്പതും കനഗാവയിൽ ഒമ്പതും ചിബയിൽ നാലും ഇബരാക്കിയിൽ ഒരാൾക്കുമാണ് പരിക്കേറ്റത്. യോകോഹാമയിൽ കട്ടിലിൽ നിന്ന് വീണ് വയോധികയായ സ്ത്രീക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
ജാപ്പനീസ് കാലാവസ്ഥാ ഏജൻസിയുടെ കണക്കുപ്രകാരം തെക്കൻ ഇബരാക്കി പ്രവിശ്യയിൽ ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം ഭൂമിക്കടിയിൽ 70 കിലോമീറ്റർ ആഴത്തിലാണ് അടയാളപ്പെടുത്തിയത്. യുഎസ് ജിയോളജിക്കൽ സർവേ (USGS) ഭൂചലനത്തിന്റെ തീവ്രത 5.8 ആയി രേഖപ്പെടുത്തിയിട്ടുണ്ട്. ഭൂകമ്പത്തിന് പിന്നാലെ ജനങ്ങളുടെ മൊബൈൽ ഫോണുകളിലേക്ക് എമർജൻസി അലേർട്ടുകൾ കുതിച്ചെത്തി. ഭൂചലനം ശക്തമായിരുന്നെങ്കിലും നിലവിൽ സുനാമി മുന്നറിയിപ്പുകളൊന്നും പുറപ്പെടുവിച്ചിട്ടില്ല എന്നത് വലിയൊരു ആശ്വാസമായി.
ഭൂചലനത്തെ തുടർന്ന് ഗതാഗത സംവിധാനങ്ങൾ തടസ്സപ്പെടുകയും ചിലയിടങ്ങളിൽ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെടുകയും ചെയ്തു. ടോക്കിയോയിലെ നരിത വിമാനത്താവളത്തിലേക്കുള്ള എക്സ്പ്രസ് ട്രെയിൻ സർവീസുകളും മറ്റ് പ്രാദേശിക ട്രെയിൻ സർവീസുകളും സമയക്രമത്തിൽ മാറ്റം വരുത്തുകയോ നിർത്തിവെക്കുകയോ ചെയ്തു. അതേസമയം ഷിങ്കൻസെൻ ബുള്ളറ്റ് ട്രെയിൻ സർവീസുകൾ തടസ്സമില്ലാതെ സർവീസ് തുടരുന്നതായി ഇസ്റ്റ് ജപ്പാൻ റെയിൽവേ പ്രസ്താവിച്ചു. ടോക്കിയോയിലെ പ്രമുഖ പ്രദേശങ്ങളിൽ കുടിവെള്ള പൈപ്പ് ലൈനുകൾ പൊട്ടി റോഡുകളിൽ വെള്ളക്കെട്ട് രൂപപ്പെടുകയും 400 ലധികം വീടുകളിൽ വൈദ്യുതി തടസ്സം നേരിടുകയും ചെയ്തെങ്കിലും പിന്നീട് അധികൃതർ ഇത് പുനഃസ്ഥാപിച്ചു.
ആളപായമോ വൻ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ആണവനിലയങ്ങളിൽ യാതൊരുവിധ തകരാറുകളും കണ്ടത്തിയിട്ടില്ലെന്നും ന്യൂക്ലിയർ റെഗുലേഷൻ അതോറിറ്റി അറിയിച്ചു. സംഭവത്തിൽ പ്രധാനമന്ത്രി ജനങ്ങൾക്ക് കൃത്യമായ വിവരങ്ങൾ നൽകാനും അടിയന്തര സഹായങ്ങൾ ഉറപ്പാക്കാനും നിർദ്ദേശം നൽകി. വരും ദിവസങ്ങളിലും തുടർച്ചയായ ഭൂചലനങ്ങൾ (Aftershocks) ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുള്ളതിനാൽ ജാഗ്രത പാലിക്കാൻ ജാപ്പനീസ് കാലാവസ്ഥാ ഏജൻസി നിർദ്ദേശിച്ചിട്ടുണ്ട്.












