തൃശ്ശൂർ : ആലത്തൂർ ലോക്സഭാ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയായി ഡോ. ടി എൻ സരസുവിനെ പ്രഖ്യാപിച്ചപ്പോൾ മുതൽ തന്നെ കരുവന്നൂർ സഹകരണ ബാങ്കിലെ സിപിഎം തട്ടിപ്പും ചർച്ചാവിഷയമാണ്. സ്ഥാനാർത്ഥി പ്രഖ്യാപനത്തിനുശേഷം സരസു ടീച്ചറെ വിളിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ടീച്ചർ ആവശ്യപ്പെട്ട പ്രധാനപ്പെട്ട കാര്യമായിരുന്നു കരുവന്നൂർ സഹകരണ ബാങ്കിൽ നിക്ഷേപം നടത്തി പണം നഷ്ടപ്പെട്ട സാധാരണക്കാരുടെ പ്രശ്നങ്ങളും ആകുലതകളും. ഇന്ന് ആലത്തൂർ ലോക്സഭാ മണ്ഡലത്തിലെത്തിലെ പ്രചരണത്തിന്റെ ഭാഗമായി കുന്നംകുളത്ത് എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ പ്രസംഗത്തിൽ കരുവന്നൂർ ബാങ്ക് തട്ടിപ്പിനെ കുറിച്ച് പരാമർശിക്കുകയും ചെയ്തിരുന്നു.
കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിനെ കുറിച്ച് സരസു ടീച്ചർ ആദ്യമായി സൂചിപ്പിച്ചപ്പോൾ തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇക്കാര്യത്തിൽ തന്നെക്കൊണ്ട് ആകുന്ന വിധം പരിഹാരം കാണാൻ ശ്രമിക്കാമെന്ന് വാക്ക് നൽകിയിരുന്നു. പ്രധാനമന്ത്രി നൽകിയ ഈ ഉറപ്പിനെ തുടർന്ന് ഇപ്പോൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തന്നെ വിഷയത്തിൽ ഇടപെട്ടിരിക്കുകയാണ്. കരുവന്നൂർ സഹകരണ ബാങ്കിൽ സിപിഎം നടത്തിയ തട്ടിപ്പിലൂടെ പണം നഷ്ടപ്പെട്ടവർക്ക് കോടതി വഴി ഈ പണം തിരികെ ലഭിക്കാനുള്ള നടപടികൾ ഇഡി ആരംഭിച്ചു കഴിഞ്ഞു.
കരുവന്നൂർ തട്ടിപ്പിനെ തുടർന്ന് കണ്ടുകെട്ടിയ സ്വത്തിൽ നിന്നും നിക്ഷേപകരുടെ പണം തിരികെ നൽകാൻ ഒരുക്കമാണെന്ന് ഇഡി ഇന്ന് കോടതിയെ അറിയിച്ചു. കേന്ദ്ര ധന മന്ത്രാലയത്തിൽ നിന്നും ലഭിച്ച പ്രത്യേക നിർദ്ദേശപ്രകാരമാണ് ഇഡി ഇത്തരം ഒരു നടപടി സ്വീകരിച്ചിരിക്കുന്നത്. കോടതി വഴി പണം തിരികെ ലഭിക്കാനായി ഇഡി കരുവന്നൂർ ബാങ്കിലെ നിക്ഷേപകരിൽ നിന്നും പ്രത്യേക അപേക്ഷകൾ സ്വീകരിച്ചു തുടങ്ങി. ഇതോടെ കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് വഴി പണം നഷ്ടപ്പെട്ട നിക്ഷേപകർക്ക് വലിയ ആശ്വാസമാണ് ഉണ്ടായിരിക്കുന്നത്.
ഇന്ന് കുന്നംകുളത്ത് നടത്തിയ തിരഞ്ഞെടുപ്പ് സമ്മേളനത്തിൽ സിപിഎമ്മിന്റെ അഴിമതിക്കെതിരെ കടുത്ത വിമർശനം ആയിരുന്നു പ്രധാനമന്ത്രി ഉന്നയിച്ചിരുന്നത്. സാധാരണക്കാരുടെ പണം കൊള്ളയടിച്ച് പാവപ്പെട്ട പെൺകുട്ടികളുടെ വിവാഹങ്ങൾ വരെ മുടക്കി എന്ന് പ്രധാനമന്ത്രി കുറ്റപ്പെടുത്തി. സിപിഎമ്മിന്റെ കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് വഴി ആയിരക്കണക്കിന് പേരുടെ ജീവിതമാണ് പ്രതിസന്ധിയിൽ ആയത്. കരുവന്നൂർ വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നുണ പറയുകയാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു.
Discussion about this post