എറണാകുളം : നിരവധി താരങ്ങൾ വിഷു ആഘോഷിക്കുന്നതിന്റെ ചിത്രങ്ങൾ നാം പലപ്പോഴായി സമൂഹമാദ്ധ്യമങ്ങളിൽ കണ്ടുകഴിഞ്ഞു. മലയാള സിനിമ ലോകത്തെ എന്നും അതിശയിപ്പിച്ചിട്ടുള്ള നടനായ സിദ്ദിഖിന്റെ വിഷു ആഘോഷങ്ങളാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ തരംഗമായിട്ടുള്ളത്. വിഷുക്കണി ഒരുക്കുകയും സദ്യ കഴിക്കുകയും ചെയ്താണ് സിദ്ദിഖും കുടുംബവും വിഷു ആഘോഷിച്ചത്.
സിദ്ദിഖിന്റെ മകൻ ഷഹീൻ സിദ്ദിഖ് ആണ് കുടുംബത്തിന്റെ വിഷു ആഘോഷങ്ങളുടെ ചിത്രങ്ങൾ സമൂഹമാദ്ധ്യമ അക്കൗണ്ടിലൂടെ പങ്കുവെച്ചത്. ‘വിഷു 2024’ എന്ന തലക്കെട്ടോടെ പങ്കുവെച്ച ഈ ചിത്രങ്ങൾ അതിവേഗത്തിൽ തന്നെ വൈറലായി മാറി. സിദ്ദിഖ്, മക്കളായ ഷഹീൻ, റാഷിൻ, ഷഹീന്റെ ഭാര്യ അമൃത എന്നിവർ ഉൾപ്പെടെയുള്ള ചിത്രങ്ങളാണ് സമൂഹമാദ്ധ്യമങ്ങളിൽ തരംഗമായിട്ടുള്ളത്.
സലിം അഹമ്മദ് സംവിധാനം ചെയ്ത പത്തേമാരി എന്ന ചിത്രത്തിലൂടെ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ച നടനാണ് സിദ്ദിഖിന്റെ മകൻ ഷഹീൻ സിദ്ദിഖ്. ഷഹീൻ, റാഷിൻ എന്നിവരെ കൂടാതെ ഫർഹീൻ എന്നൊരു മകൾ കൂടി സിദ്ദിഖിനുണ്ട്. 2022 മാർച്ചിലായിരുന്നു ഷഹീനും ഡോക്ടർ ആയ അമൃതയും വിവാഹിതരായിരുന്നത്.








