ആഗോളതലത്തിൽ രാഷ്ട്രീയ അനിശ്ചിതത്വങ്ങളും സുരക്ഷാ വെല്ലുവിളികളും വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ഇന്ത്യയുമായുള്ള വ്യാപാര-പ്രതിരോധ ബന്ധം കൂടുതൽ ശക്തമാക്കാൻ ജർമ്മനി സന്നദ്ധത പ്രകടിപ്പിച്ചു. ഇന്ത്യയിലെ ജർമ്മൻ സ്ഥാനപതി ജാസ്പർ വീക്ക് ന്യൂഡൽഹിയിൽ വാർത്താസമ്മേളനത്തിലാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപ്രധാനമായ സഹകരണത്തെക്കുറിച്ച് വിശദീകരിച്ചത്. വരാനിരിക്കുന്ന ഇന്ത്യ-യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാർ (FTA) ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക ബന്ധത്തിൽ വലിയ മുന്നേറ്റമുണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, വിദ്യാർത്ഥികൾക്കും വിദഗ്ദ്ധ തൊഴിലാളികൾക്കും യാത്ര സുഗമമാക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കുകയാണെന്നും അറിയിച്ചു.
പ്രതിരോധ മേഖലയിൽ ചരിത്രപരമായ നയമാറ്റമാണ് ജർമ്മനി നിലവിൽ കൈക്കൊണ്ടിരിക്കുന്നത്. ഇന്ത്യയ്ക്ക് അത്യാധുനിക സൈനിക സാങ്കേതികവിദ്യകളും ലൈസൻസുകളും നൽകുന്നതിൽ ജർമ്മനി തങ്ങളുടെ നിലപാടുകളിൽ 180 ഡിഗ്രി മാറ്റം വരുത്തിയതായി സ്ഥാനപതി വ്യക്തമാക്കി. ഇതിന്റെ ഭാഗമായി ഇന്ത്യയിൽ പ്രോജക്ട്-75ഐ പദ്ധതിക്ക് കീഴിൽ ആറ് അത്യാധുനിക അന്തർവാഹിനികൾ നിർമ്മിക്കുന്നതിനുള്ള എട്ട് ശതകോടി ഡോളർ മൂല്യമുള്ള കരാറിൽ ഒപ്പുവെക്കാൻ ജർമ്മനി സജ്ജമായിക്കഴിഞ്ഞു. ജർമ്മനിയുടെ തിസ്സൻക്രൂപ്പ് മാരിടൈം സിസ്റ്റംസും ഇന്ത്യയുടെ മാസഗോൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്സും സംയുക്തമായാണ് ഇന്ത്യയിൽ വെച്ച് ഈ അന്തർവാഹിനികൾ നിർമ്മിക്കുന്നത്.
കേവലം ആയുധങ്ങൾ വിൽക്കുന്ന പരമ്പരാഗത രീതിക്ക് പകരം ദീർഘകാല തന്ത്രപ്രധാന പങ്കാളിയായാണ് ജർമ്മനി ഇന്ത്യയെ കാണുന്നത്. അന്തർവാഹിനി കരാറിന് പുറമെ ഡ്രോണുകൾ ഉൾപ്പെടുന്ന അൺമാൻഡ് സിസ്റ്റങ്ങൾ, സൈബർ സുരക്ഷ, മിസൈൽ സാങ്കേതികവിദ്യ, അത്യാധുനിക സെൻസറുകൾ എന്നിവയിലും ഇന്ത്യയുമായി സഹകരിച്ച് പ്രവർത്തിക്കാൻ ജർമ്മനി താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഇൻഡോ-പസഫിക് മേഖലയിൽ സമാധാനവും സ്ഥിരതയും ഉറപ്പാക്കുന്നതിനും തദ്ദേശീയ ആയുധ നിർമ്മാണത്തിന് ഇന്ത്യ നൽകുന്ന ഊന്നലിന് പിന്തുണ നൽകുന്നതിനുമാണ് ജർമ്മനി ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്.








