ലണ്ടൻ : സ്കൂളിലെ പൊതുസ്ഥലത്ത് നിസ്കരിക്കാൻ അനുവദിക്കാത്തതിനെ തുടർന്ന് വിദ്യാർത്ഥി സ്കൂളിനെതിരായി നൽകിയ ഹർജി യുകെ കോടതി തള്ളി. മികച്ച അച്ചടക്ക രീതികൾ കൊണ്ട് ലണ്ടനിൽ തന്നെ ഏറ്റവും പ്രശസ്തമായ നോർത്ത്-വെസ്റ്റ് ലണ്ടനിലെ ബ്രെൻ്റിലുള്ള മൈക്കെല കമ്മ്യൂണിറ്റി സ്‌കൂളിനെതിരായ ഹർജിയാണ് ലണ്ടനിലെ ഹൈക്കോടതി തള്ളിയത്. ഒരു പ്രത്യേക മതവിഭാഗത്തിന് മാത്രമായി സ്കൂളിൽ പൊതു പ്രാർത്ഥന നടത്താൻ അനുവാദം നൽകാൻ ആവില്ലെന്ന് കോടതി വ്യക്തമാക്കി.
മൈക്കെല കമ്മ്യൂണിറ്റി സ്കൂളിന്റെ നിയമങ്ങൾ അനുസരിച്ച് വിദ്യാർത്ഥികൾ മതപരമായ വിശ്വാസങ്ങൾ പ്രകടിപ്പിക്കുന്നത് വിലക്കിയിട്ടുള്ളതായി സ്കൂളിൽ ചേരുമ്പോൾ തന്നെ ഒപ്പിട്ട് നൽകുന്ന നിയമാവലിയിൽ വ്യക്തമായി സൂചിപ്പിച്ചിട്ടുള്ളതാണ്. വിദ്യാഭ്യാസ രീതികൾ കൊണ്ടും അച്ചടക്കം കൊണ്ടും ഏറെ പ്രശസ്തമായ ഈ സ്കൂളിലെ 700ഓളം വിദ്യാർത്ഥികളിൽ പകുതിയും ഇസ്ലാം മത വിശ്വാസികൾ ആണ്. വസ്ത്രധാരണത്തിൽ അടക്കം മതപരമായ പ്രകടനങ്ങൾ അനുവദിക്കില്ലെന്ന സ്കൂൾ നിയമങ്ങൾ അറിഞ്ഞുകൊണ്ട് തന്നെയാണ് ഓരോ വിദ്യാർത്ഥികളും ഈ സ്കൂളിൽ ചേരുന്നത്. എന്നാൽ 2023 മാർച്ചിൽ പെട്ടെന്ന് ഒരു ദിവസം സ്കൂളിലെ 30 മുസ്ലീം വിദ്യാർത്ഥികൾ ചേർന്ന് സ്കൂൾ മുറ്റത്ത് നിസ്കരിക്കാൻ ആരംഭിക്കുകയായിരുന്നു.
സ്കൂൾ സ്ഥാപകയും പ്രധാന അദ്ധ്യാപികയുമായ കാതറിൻ ബീർബൽസിംഗ് ഈ വിദ്യാർഥികളുടെ പൊതു പ്രാർത്ഥന വിലക്കുകയും പ്രശ്നങ്ങൾ സൃഷ്ടിച്ചതിന്റെ പേരിൽ ചില വിദ്യാർത്ഥികൾക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു. ഇതിനെ തുടർന്നാണ് സ്കൂളിലെ ഒരു വിദ്യാർത്ഥി സ്കൂളിൽ പൊതുസ്ഥലത്ത് നിസ്കരിക്കാൻ മുസ്ലിം വിദ്യാർത്ഥികളെ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കോടതിയെ സമീപിച്ചിരുന്നത്. ഇരുകക്ഷികളുടെയും വാദം കേട്ട ജസ്റ്റിസ് ലിൻഡൻ 83 പേജ് ഉള്ള ഒരു വിധി ന്യായമാണ് ഈ കേസിൽ തയ്യാറാക്കിയിരുന്നത്.
വിദ്യാർത്ഥികൾക്ക് മതസ്വാതന്ത്ര്യം പ്രകടിപ്പിക്കുന്നതിന് നിയന്ത്രണങ്ങൾ ഉണ്ടാകുമെന്നുള്ള സ്കൂൾ നിയമാവലി വായിച്ച് അംഗീകരിച്ചതിനുശേഷം ആണ് വിദ്യാർത്ഥികൾ സ്കൂളിൽ ചേർന്നിട്ടുള്ളത് എന്ന് ജസ്റ്റിസ് ലിൻഡൻ ചൂണ്ടിക്കാണിച്ചു. ഒരു പ്രത്യേക മത വിഭാഗത്തിന് മാത്രം ഇളവുകൾ നൽകാൻ ആവില്ല. സ്കൂളുകളിൽ വിദ്യാർത്ഥികൾ എല്ലാവരും ഒരുപോലെയാണ് കണക്കാക്കപ്പെടുന്നത്. ഒരു സ്വതന്ത്ര വിദ്യാലയത്തിൽ ഇത്തരത്തിലുള്ള മതസ്വാതന്ത്ര്യം പ്രകടിപ്പിക്കാൻ അനുവദിക്കുന്നത് മത വിഭാഗങ്ങൾ തമ്മിലുള്ള വേർതിരിവിലേക്കും വിദ്യാർത്ഥികൾക്കിടയിലുള്ള മതസ്പർദ്ധയിലേക്കും വഴി വയ്ക്കുമെന്ന് ജസ്റ്റിസ് ലിൻഡൻ വ്യക്തമാക്കി. തുടർന്ന് വിദ്യാർത്ഥി നൽകിയ ഹർജി കോടതി തള്ളുകയായിരുന്നു. കോടതിവിധി യുകെയിലെ എല്ലാ സ്കൂളുകളുടെയും വിജയമാണെന്ന് മൈക്കെല കമ്മ്യൂണിറ്റി സ്കൂൾ പ്രധാനാദ്ധ്യാപിക കാതറിൻ ബീർബൽസിംഗ് പ്രതികരിച്ചു.








