വോട്ടർ പട്ടികയുടെ സവിശേഷ സമഗ്ര പരിഷ്കരണവുമായി (എസ്ഐആർ) ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങൾക്കിടയിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രധാന തീരുമാനങ്ങളും പുതിയ വിശദീകരണങ്ങളും പുറപ്പെടുവിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷനിലെ അംഗങ്ങളായ കമ്മീഷണർമാർ കാബിനറ്റ് സെക്രട്ടറിക്ക് അയച്ച കത്ത് കമ്മീഷന്റെ നയപരമായ വിഷയങ്ങളെയോ ഐടി വിഭാഗത്തെക്കുറിച്ചോ ഉള്ളതല്ലെന്നും, അവിടെ ഡെപ്യൂട്ടേഷനിൽ ജോലി ചെയ്യുന്ന ഒരു ഉദ്യോഗസ്ഥന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ടതാണെന്നും കമ്മീഷൻ വ്യക്തമാക്കി. രാജ്യവ്യാപകമായി നടപ്പിലാക്കിയ എസ്ഐആർ നടപടികളും സമയക്രമങ്ങളും കമ്മീഷനിലെ എല്ലാ അംഗങ്ങളുടെയും പൂർണ്ണ സമ്മതത്തോടെയും ഐക്യകണ്ഠേനയുമാണ് എടുത്തതെന്നും സുപ്രീം കോടതി ഈ ഉത്തരവുകൾ ശരിവെച്ചിട്ടുണ്ടെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രസ്താവനയിലൂടെ അറിയിച്ചു.
വോട്ടർമാർ നേരിടുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിനായി കമ്മീഷൻ വൻ ഇളവുകളും പ്രഖ്യാപിച്ചിട്ടുണ്ട്. എസ്ഐആർ പ്രക്രിയയിൽ വിവരങ്ങളിൽ തെറ്റുകളോ വിടവുകളോ കണ്ട് നോട്ടീസ് ലഭിച്ച വോട്ടർമാർ ഇനി ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാരുടെ മുന്നിൽ നേരിട്ട് ഹാജരാകേണ്ടതില്ല. പകരം ബൂത്ത് ലെവൽ ഓഫീസർമാർ (ബിഎൽഒ) വോട്ടർമാരുടെ വീടുകളിലെത്തി രേഖകൾ ശേഖരിച്ച് ഇസിഐ നെറ്റിൽ അപ്‌ലോഡ് ചെയ്യും. അത്യപൂർവ്വ സാഹചര്യങ്ങളിൽ മാത്രം കേൾവികൾ ഓൺലൈൻ വഴി നടത്താനും, വോട്ടറുടെ അനുമതിയോടെ മുതിർന്ന കുടുംബാംഗത്തിന് ഹാജരാകാനും സൗകര്യമൊരുക്കിയിട്ടുണ്ട്. കൂടാതെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കും തെരുവിൽ കഴിയുന്നവർക്കുമായി പ്രത്യേക ഹെൽപ്പ് ഡെസ്കുകളും ക്യാമ്പുകളും സംഘടിപ്പിക്കും.
സുതാര്യത ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഇനി മുതൽ കമ്മീഷൻ യോഗങ്ങളുടെ അജണ്ട മുൻകൂട്ടി പുറത്തിറക്കാനും യോഗതീരുമാനങ്ങൾ മിനിറ്റ്സായി രേഖപ്പെടുത്താനും കമ്മീഷൻ തീരുമാനിച്ചു. കൂടാതെ ഐടി അസിസ്റ്റന്റ് സിസ്റ്റമായ ഇസിഐ നെറ്റിന്റെ പ്രവർത്തനം അവലോകനം ചെയ്യുന്നതിനായി മുതിർന്ന ഡെപ്യൂട്ടി ഇലക്ഷൻ കമ്മീഷണറുടെയും ഐഐടി വിദഗ്ദ്ധന്റെയും നേതൃത്വത്തിൽ ഒരു സമിതി രൂപീകരിക്കും. ഡൽഹി, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ പരാതികളും അപേക്ഷകളും നൽകാനുള്ള തീയതികൾ നീട്ടിനൽകിയിട്ടുണ്ട്. തടസ്സങ്ങളില്ലാതെ വോട്ടർമാരെ ചേർക്കുന്നതിനും സാങ്കേതിക സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുമായി വിപുലമായ പ്രവർത്തനങ്ങളാണ് കമ്മീഷൻ ആരംഭിച്ചിരിക്കുന്നത്.








