ശ്രീനഗർ : കശ്മീരിലെ അനന്ത്നാഗിൽ വെടിവെപ്പ്. ഭീകരർ നടത്തിയ വെടിവെപ്പിൽ ഒരു തൊഴിലാളി മരിച്ചു. ബീഹാറിൽ നിന്നുമുള്ള തൊഴിലാളിയായ രാജു ഷാ ആണ് കൊല്ലപ്പെട്ടത്. അനന്ത്നാഗ് ജില്ലയിലെ ബിജ്ബെഹ്റയിൽ ആണ് ഭീകരരുടെ ആക്രമണം ഉണ്ടായത്. വെടിയേറ്റ ഉടൻതന്നെ അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
സംഭവത്തെ തുടർന്ന് പരിസരപ്രദേശങ്ങൾ സുരക്ഷാസേന വളഞ്ഞിരിക്കുകയാണ്. പൊതു തിരഞ്ഞെടുപ്പിന് ഏതാനും ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് ഇത്തരം ഒരു ആക്രമണം നടന്നത് എന്നുള്ളത് ജമ്മുകശ്മീർ പോലീസും സുരക്ഷാസേനയും ഗുരുതരമായി തന്നെ എടുത്തിരിക്കുകയാണ്.
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള എതിരാളികളുടെ നിരാശയാണ് ഭീകരരുടെ വെടിവെപ്പിന് പുറകിൽ എന്നാണ് ജമ്മു കാശ്മീർ ബിജെപി വക്താവ് അൽതാഫ് താക്കൂർ പ്രതികരിച്ചത്. കശ്മീരിൽ മുൻപുണ്ടായിരുന്ന തിരഞ്ഞെടുപ്പ് ബഹിഷ്കരണ രാഷ്ട്രീയത്തെ വീണ്ടും പുനരുജ്ജീവിപ്പിക്കാൻ ഉള്ള ശ്രമമാണ് ഇത്തരം ആക്രമണങ്ങളിലൂടെ നടത്തുന്നത് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Discussion about this post