ജൈനമത വിശ്വാസികളുടെ ഏറ്റവും പ്രധാനപ്പെട്ട മതപര ആഘോഷങ്ങളിൽ ഒന്നാണ് മഹാവീര ജയന്തി. ജൈനമത വിശ്വാസികൾക്കിടയിൽ മഹാവീർ ജന്മ കല്യാണക് എന്നറിയപ്പെടുന്ന ഈ ദിനം ചൈത്ര മാസത്തിലെ പതിമൂന്നാം ദിവസത്തിലാണ് ആഘോഷിക്കുന്നത്. 2024ൽ ഏപ്രിൽ 21നാണ് മഹാവീര ജയന്തി ആഘോഷിക്കുന്നത്. ജൈനമതത്തിലെ 24-മത്തെയും അവസാനത്തെയും തീർത്ഥങ്കരനായ മഹാവീരന്റെ ജന്മദിനമാണ് ഈ സുദിനം.
ബീഹാറിലെ ക്ഷത്രിയകുണ്ഡിലാണ് മഹാവീരൻ ജന്മം കൊണ്ടത് എന്നാണ് ചരിത്ര ഗ്രന്ഥങ്ങൾ പറയുന്നത്. ഇന്നത്തെ ബീഹാറിലെ മുസാഫർപൂർ ജില്ലയിലെ കുന്ദൽപൂർ ആണ് ഈ പ്രദേശം. ക്ഷത്രിയകുണ്ഡിലെ രാജാവായ സിദ്ധാർത്ഥന്റെയും ത്രിശാല രാജ്ഞിയുടെയും മകനായി ഇക്ഷാകു രാജവംശത്തിലാണ് മഹാവീരൻ ജന്മമെടുത്തത്. അദ്ദേഹത്തിന്റെ ജനനത്തിന് ശേഷം രാജ്യത്ത് പെട്ടെന്നുണ്ടായ അഭിവൃദ്ധി മൂലം വർദ്ധമാൻ എന്നായിരുന്നു മാതാപിതാക്കൾ അദ്ദേഹത്തിന് നാമകരണം നടത്തിയിരുന്നത്.
ശ്രേഷ്ഠമായ ഒരു രാജകുടുംബത്തിൽ ജനിച്ചുവളർന്ന മഹാവീരൻ തന്റെ മുപ്പതാം വയസ്സിൽ എല്ലാ ലൗകിക ജീവിതവും ഉപേക്ഷിച്ച് ആത്മീയതയുടെ വഴിയിലൂടെ സഞ്ചരിക്കുകയും വീട് വിട്ടിറങ്ങി സന്യാസി ആവുകയും ആയിരുന്നു. പന്ത്രണ്ടര വർഷത്തോളം നീണ്ട ധ്യാനത്തിനും തപസ്സിനും ശേഷം മഹാവീരൻ സർവ്വജ്ഞാനം നേടിയതായി ജൈനമതഗ്രന്ഥങ്ങൾ പറയുന്നു.
ജൈനമതം ഒരു ശാശ്വത ധർമ്മം ആണെന്നാണ് വിശ്വസിക്കപ്പെടുന്നത്. ഈ പ്രപഞ്ചത്തിലെ ഒരു ജീവജാലങ്ങൾക്കും ദോഷം വരരുതെന്ന് കരുതി അഹിംസയിൽ ഊന്നി സമ്പൂർണ്ണ സസ്യാഹാരികളായി ജീവിക്കുന്നവരാണ് ജൈനമത വിശ്വാസികൾ. ജൈനമതത്തിന് വലിയ രീതിയിൽ തന്നെ പ്രചാരണം നൽകിയ ശേഷം തന്റെ 72ആം വയസ്സിലാണ് മഹാവീരൻ ജ്ഞാനോദയം അഥവാ നിർവാണം നേടിയത്. മഹാവീര ജയന്തി ആഘോഷ ദിനത്തിൽ ജൈന മത വിശ്വാസികൾ പ്രത്യേക രഥ യാത്രകളും ക്ഷേത്രങ്ങളിൽ പ്രത്യേക ആഘോഷങ്ങളും നടത്തുന്നതാണ്.











Discussion about this post