ന്യൂഡൽഹി: യമനിലെ ജയിലിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുന്ന നിമിഷ പ്രിയയുടെ മോചനത്തിനായുള്ള ചർച്ചകൾക്കായി അമ്മ പ്രേമകുമാരി യെമനിൽ എത്തി. ഇന്നലെ രാത്രിയാണ് അമ്മ പ്രേമകുമാരിയും സേവ് നിമിഷ പ്രിയ ഫോറത്തിലെ സാമുവൽ ജെറോമും യെമനിൽ എത്തിയത്. കൊല്ലപ്പെട്ട യെമൻ പൗരൻറെ കുടുംബവുമായി ബ്ലെഡ് മണി സംബന്ധിച്ച ചർച്ചകൾ ഉടൻ നടക്കുമെന്നാണ് വിവരം. ജയിലിലുള്ള നിമിഷ പ്രിയയെയും അമ്മ കാണുമെന്നും അഭിഭാഷകൻ കെ.ആർ സുഭാഷ് ചന്ദ്രൻ അറിയിച്ചു. മോചനത്തിനായുള്ള ശ്രമങ്ങൾ വേഗത്തിലാക്കാനാണ് അമ്മ യെമനിൽ എത്തിയത്.
ഏഴ് വർഷത്തെ കാത്തിരിപ്പിനൊടുവിൽ മകളെ കാണാനാകുമെന്ന പ്രതീക്ഷയിലാണ് പ്രേമകുമാരി. ഇന്നലെ പുലർച്ചെ മുംബൈയിലെത്തിയ പ്രേമകുമാരി വൈകീട്ട് അഞ്ചുമണിക്കാണ് യമനിലേക്ക് പുറപ്പെട്ടത്. മകളെ കാണാനും യെമൻ ജനതയോട് മാപ്പ് പറയാനും വേണ്ടിയാണ് ഈ യാത്രയെന്ന് പ്രേമകുമാരി പറഞ്ഞു.
ഇരുവരുടേയും യെമനിലെ യാത്ര വിവരങ്ങൾ ജിബൂട്ടിയിലെ ഇന്ത്യൻ എംബസി അന്വേഷിച്ചു. യെമനിലെത്തിയ ശേഷം കരമാർഗം സനയിലേക്ക് പോകും. ജയിലിലെത്തി നിമിഷ പ്രിയയെ സന്ദർശിച്ച ശേഷം ഗോത്ര നേതാക്കളെയും യെമൻ പൗരന്റെ കുടുംബത്തെയും സന്ദർശിക്കും.
Discussion about this post