ന്യൂഡൽഹി: കോൺഗ്രസ് എംപി രാഹുൽ ഗാന്ധി ഇന്ന് മധ്യപ്രദേശിലെയും ജാർഖണ്ഡിലെയും തിരഞ്ഞെടുപ്പ് റാലികളെ അഭിസംബോധന ചെയ്യില്ലെന്ന് പാർട്ടി മുതിർന്ന നേതാവ് ജയറാം രമേശ്. മധ്യപ്രദേശിലെ സത്നയിലും ജാർഖണ്ഡിലെ റാഞ്ചിയിലും പ്രതിപക്ഷ സഖ്യത്തിന്റെ ശക്തിപ്രകടനത്തിൽ രാഹുൽ ഗാന്ധി ഇന്ന് പ്രചാരണം നടത്താനിരിക്കുകയാണ് കോൺഗ്രസിന്റെ അറിയിപ്പ്.
രാഹുൽ ഗാന്ധിക്ക് അസുഖം ബാധിച്ചതിനാൽ അദ്ദേഹത്തിന് ഇപ്പോൾ ഡൽഹി വിടാനാകില്ല. സത്നയിൽ പൊതുസമ്മേളനത്തിൽ പങ്കെടുത്തതിന് ശേഷം കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ റാഞ്ചി റാലിയെ അഭിസംബോധന ചെയ്യും.
സോണിയ ഗാന്ധി, പാർട്ടി എംപി രാഹുൽ ഗാന്ധി, എഎപി അധ്യക്ഷൻ അരവിന്ദ് കെജ്രിവാൾ, പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറൻ, ഭാര്യ കൽപ്പന സോറൻ എന്നിവരുൾപ്പെടെയുള്ള നേതാക്കളുടെ പോസ്റ്ററുകളടക്കം റാഞ്ചിയിൽ പതിച്ചിട്ടുണ്ട്. ഖാർഗെയെ കൂടാതെ സമാജ്വാദി പാർട്ടി ദേശീയ അധ്യക്ഷൻ അഖിലേഷ് യാദവ്, ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ്, അരവിന്ദ് കെജ്രിവാളിന്റെ ഭാര്യ സുനിത, ഹേമന്ത് സോറന്റെ ഭാര്യ കൽപ്പന എന്നിവർ റാഞ്ചിയിൽ റാലിയെ അഭിസംബോധന ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.










