ഗാന്ധിനഗർ : സൂറത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥിയുടെ നാമനിർദ്ദേശപത്രിക തള്ളി. സൂറത്ത് ലോകസഭാ മണ്ഡലത്തിലെ കോൺഗ്രസ് നേതാവ് നീലേഷ് കുമ്പാനിയുടെ നാമനിർദ്ദേശപത്രികയാണ് തള്ളിയത്. സമർപ്പിച്ച രേഖകളിൽ വ്യത്യസ്ത ഒപ്പുകൾ ആണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് തിരഞ്ഞെടുപ്പ് വരണാധികാരി കൂടിയായ ജില്ലാ കളക്ടർ പത്രിക തള്ളിയത്.
നാമനിർദേശ പത്രിക തള്ളിയതോടെ സൂറത്ത് സീറ്റിലേക്കുള്ള തിരഞ്ഞെടുപ്പ് നടപടികൾ നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഗുജറാത്ത് ഹൈക്കോടതിയെ സമീപിക്കാനിരിക്കുകയാണ് കോൺഗ്രസ്. നേരത്തെ തന്നെ കുമ്പാനിയുടെ നാമനിർദേശ പത്രികക്കെതിരെ ബിജെപി രംഗത്ത് വന്നിരുന്നു. കോൺഗ്രസിന്റെ ഡമ്മി സ്ഥാനാർത്ഥിയുടെയും പത്രികയിലെ ഒപ്പ് വ്യാജമാണെന്ന് ആരോപണമുയർന്നിരുന്നു.
1951ലെ ജനപ്രാതിനിത്യ നിയമത്തിലെ 36(2) വകുപ്പ് പ്രകാരമാണ് നീലേഷ് കുമ്പാനിയുടെ പത്രിക തള്ളിയിട്ടുള്ളത്. നാമനിർദേശ പത്രിക സമർപ്പിക്കുന്ന സ്ഥാനാർത്ഥിയുടെയോ സ്ഥാനാർത്ഥിയെ നിർദ്ദേശിക്കുന്ന വ്യക്തിയുടെയോ ഒപ്പ് യഥാർത്ഥം അല്ലെങ്കിലോ കൃത്രിമത്വം കണ്ടെത്തിയാലോ പത്രിക തള്ളാം എന്നുള്ളതാണ് ഈ നിയമം വ്യവസ്ഥ ചെയ്യുന്നത്.
Discussion about this post