ന്യൂഡൽഹി : ഇന്ത്യയിൽ അനന്തരാവകാശ നികുതി നിയമം കൊണ്ടുവരണമെന്ന മുതിർന്ന കോൺഗ്രസ് നേതാവ് സാം പിട്രോഡയുടെ പരാമർശം വിവാദമാകുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും സാം പിട്രോഡയുടെ പരാമർശത്തിനെതിരെ രംഗത്തെത്തി. സംഭവം വിവാദമായതോടെ കോൺഗ്രസിന് അങ്ങനെയൊരു ഉദ്ദേശ്യം ഇല്ലെന്നും സാം പിട്രോഡ നടത്തിയത് വ്യക്തിപരമായ പരാമർശം ആണെന്നും വ്യക്തമാക്കിക്കൊണ്ട് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ രംഗത്ത് വന്നു.
ഛത്തീസ്ഗഡിലെ സർഗുജയിൽ നടന്ന പൊതുയോഗത്തിൽ വച്ചാണ് പ്രധാനമന്ത്രി നരേന്ദ്രമോദി സാം പിട്രോഡയുടെ പരാമർശത്തിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചത്. ഉയർന്ന നികുതി ചുമത്താൻ ഉള്ള പദ്ധതിയാണ് കോൺഗ്രസ് നടത്തുന്നതെന്നും മോദി അഭിപ്രായപ്പെട്ടു. രാജകുമാരന്റെയും രാജകുടുംബത്തിന്റെയും ഉപദേശകനായ സാം പിട്രോഡ ഇടത്തരക്കാർക്ക് കൂടുതൽ നികുതി ചുമത്തണമെന്നാണ് പറയുന്നത് എന്ന് മോദി കുറ്റപ്പെടുത്തി.
രാജ്യത്തെ സമ്പത്തിന്റെ പുനർവിതരണത്തിനായി മാതാപിതാക്കളിൽ നിന്നും മക്കൾക്ക് ലഭിക്കുന്ന സ്വത്തിന് അനന്തരാവകാശി നികുതി ചുമത്തമെന്നാണ് മുതിർന്ന കോൺഗ്രസ് നേതാവായ സാം പിട്രോഡ വ്യക്തമാക്കിയിരുന്നത്. ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ചെയർമാൻ കൂടിയായ സാം പിട്രോഡയുടെ ഈ അഭിപ്രായം കോൺഗ്രസ് പാർട്ടിയുടെ തനിനിറം തുറന്നു കാട്ടുന്നതാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അഭിപ്രായപ്പെട്ടു.
Discussion about this post