ശ്രീനഗർ: ജമ്മു കശ്മീരിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ വധിച്ച് സുരക്ഷാ സേന. ലഷ്‌കർ ഭീകരരെയാണ് വധിച്ചത്. ഏറ്റുമുട്ടലിൽ രണ്ട് സുരക്ഷാ സേനാംഗങ്ങൾക്ക് പരിക്കേറ്റു.
സോപോരിലെ നൗപോര മേഖലയിൽ രാവിലെയോടെയായിരുന്നു ഏറ്റുമുട്ടൽ. പ്രദേശത്ത് ഭീകരരുടെ സാന്നിദ്ധ്യം ഉണ്ടെന്ന് പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പരിശോധനയ്ക്കായി എത്തിയതായിരുന്നു സുരക്ഷാ സേന. ഇതിനിടെ ഭീകരർ സുരക്ഷാ സേനയെ ആക്രമിക്കുകയായിരുന്നു. ഈ ആക്രമണത്തിലാണ് ജവാന്മാർക്ക് പരിക്കേറ്റത്.
ഇതിന് ശേഷമുള്ള മണിക്കൂറുകളിലും ഏറ്റുമുട്ടലും പരിശോധനയും തുടർന്നു. ഇതിലാണ് രണ്ട് ഭീകരരെ വധിച്ചത്. ഇവരെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. ഇനിയും ഭീകരർ പ്രദേശത്ത് ഉണ്ടെന്നാണ് സുരക്ഷാ സേനയുടെ നിഗമനം. ഇതിന്റെ അടിസ്ഥാനത്തിൽ പരിശോധന തുടരുകയാണ്. പ്രദേശം മുഴുവൻ നിയന്ത്രണത്തിലാണെന്ന് സുരക്ഷാ സേന അറിയിച്ചു. ഏറ്റുമുട്ടൽ മേഖലയിലേക്ക് അധിക സേന എത്തിയിട്ടുണ്ട്.
അതേസമയം പരിക്കേറ്റ ജവാന്മാർ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കി.
Discussion about this post