ലണ്ടനിൽ സ്റ്റേജ് ഷോയ്ക്കായി എത്തിയപ്പോൾ ഉണ്ടായ ദുരനുഭവം പങ്കുവെച്ച് നടനും ഗായകനുമായ നീരജ് മാധവ്. വലിയ ഹൃദയവേദനയോടെയാണ് എഴുതുന്നത് എന്ന ആമുഖത്തോടെ സമൂഹമാദ്ധ്യമത്തിൽ പങ്കുവെച്ച പോസ്റ്റിലാണ് നീരജ് മാധവ് ലണ്ടനിൽ വെച്ചുണ്ടായ ദുരനുഭവം വ്യക്തമാക്കിയത്. സംഘാടകര്‍ അസഭ്യവാക്കുകള്‍ പറയുകയും കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തതായും നീരജ് പോസ്റ്റിൽ വ്യക്തമാക്കി. മോശം അനുഭവത്തെ തുടർന്ന് പരിപാടി റദ്ദാക്കി ലണ്ടനിൽ നിന്നും തിരികെ മടങ്ങുകയാണെന്നും താരം അറിയിച്ചു.
തനിക്കും കൂടെയുള്ള കലാകാരന്മാർക്കും നേരിടേണ്ടി വന്ന അനാദരവില്‍ അങ്ങേയറ്റം ഞെട്ടലാണ് ഉള്ളത് എന്നും നീരജ് മാധവ് അഭിപ്രായപ്പെട്ടു. ഇത്തരം മോശം പ്രവണതയ്ക്ക് എതിരെ ശബ്ദമുയര്‍ത്താനാണ് ഈ കുറിപ്പ് എഴുതുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു. ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ബ്ലാക്ജാക്ക് പ്രൈവറ്റ് ലിമിറ്റഡ് നടത്തുന്ന സ്റ്റേജ് ഷോ ആണ് സംഘാടകരുടെ മോശം പെരുമാറ്റത്തെ തുടർന്ന് നീരജ് മാധവ് റദ്ദാക്കിയിരിക്കുന്നത്. തന്റെ പരിപാടിക്കായി ടിക്കറ്റ് ബുക്ക് ചെയ്തവർ റീഫണ്ടിനായി ബ്ലാക്ജാക്ക് ഇവന്റ്സുമായി ബന്ധപ്പെടണമെന്നും നീരജ് മാധവ് അറിയിച്ചു.
ഡബ്ലിനിൽ വച്ച് നടന്ന പരിപാടിക്ക് ശേഷം സംഘാടകരിൽ നിന്നും തീർത്തും മോശമായ അനുഭവമാണ് ഉണ്ടായത് എന്നാണ് നീരജ് മാധവ് വ്യക്തമാക്കുന്നത്. സംഘാടകരുമായുള്ള ആശയവിനിമയത്തിന്റെ തുടക്കം മുതൽ തന്നെ നിരവധി വെല്ലുവിളികളും നിരാശയും ആണ് ഉണ്ടായിരുന്നത്. അവരുമായി സഹകരിക്കാനും പ്രതിസന്ധികൾ തരണം ചെയ്യാനും ഞങ്ങൾ പരമാവധി ശ്രമിച്ചെങ്കിലും അവർ വളരെ അനാദരവോടെ ആയിരുന്നു പെരുമാറിയിരുന്നത്. ഇത്തരം മോശം പെരുമാറ്റവും അനാദരവും സഹിച്ചു തുടരാൻ താല്പര്യമില്ലാത്തതിനാൽ ലണ്ടനിലെ എല്ലാ പരിപാടികളും റദ്ദാക്കുകയായിരുന്നു എന്നും നീരജ് മാധവ് വ്യക്തമാക്കി.








