ന്യൂഡൽഹി : സിബിഎസ്ഇ ബോർഡ് പരീക്ഷകൾ വർഷത്തിൽ രണ്ട് തവണയായി നടത്തിയേക്കുമെന്ന് സൂചന. ഇത്തരത്തിൽ പരീക്ഷകൾ നടത്തുന്നതിനുള്ള ലോജിസ്റ്റിക്സ് തയ്യാറാക്കാൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം സിബിഎസ്ഇക്ക് നിർദേശം നൽകി. 2025-26 അക്കാദമിക് വർഷം മുതലാണ് പരീക്ഷകൾ രണ്ടുതവണയായി നടത്താൻ വിദ്യാഭ്യാസ മന്ത്രാലയം ഉദ്ദേശിക്കുന്നത്.
ബോർഡ് പരീക്ഷകൾക്ക് ഒറ്റ സെമസ്റ്റർ സമ്പ്രദായം എന്നത് മാറ്റം വരുത്തി രണ്ടു സെമസ്റ്ററുകൾ ആയി വിഭജിച്ച് പരീക്ഷ നടത്താനാണ് വിദ്യാഭ്യാസ മന്ത്രാലയം തയ്യാറെടുക്കുന്നത്. ഇക്കാര്യത്തെക്കുറിച്ച് കൂടുതൽ ചർച്ചകൾക്കായി സിബിഎസ്ഇ സ്കൂൾ പ്രിൻസിപ്പൽമാരുമായി അടുത്തമാസം വിദ്യാഭ്യാസ മന്ത്രാലയം കൂടിക്കാഴ്ച നടത്തും. തുടർന്ന് പ്രിൻസിപ്പൽമാരിൽ നിന്നും മറ്റു വിദഗ്ധരിൽ നിന്നും നിർദ്ദേശം തേടിയ ശേഷം ആയിരിക്കും അന്തിമ തീരുമാനം എടുക്കുന്നത്.
വിദ്യാഭ്യാസ മന്ത്രാലയം പ്രഖ്യാപിച്ചിട്ടുള്ള പുതിയ പാഠ്യപദ്ധതി ചട്ടക്കൂട് അനുസരിച്ച് വിദ്യാർത്ഥികൾക്ക് മികച്ച പ്രകടനം നടത്താനും ഉയർന്ന സ്കോർ നിലനിർത്താനുമുള്ള ആവശ്യമായ സമയവും അവസരവും ഉറപ്പാക്കാൻ വേണ്ടിയാണ് ബോർഡ് പരീക്ഷകൾ രണ്ടുതവണയായി നടത്താൻ ആലോചിക്കുന്നത്. വിദ്യാർത്ഥികളുടെ തുടർപഠനത്തിനുള്ള പ്രവേശന ഷെഡ്യൂളിനെ ബാധിക്കാതെ ബോർഡ് പരീക്ഷകൾ എങ്ങനെ ക്രമീകരിക്കണം എന്നതിനെക്കുറിച്ച് പുതിയ ഒരു സിബിഎസ്ഇ അക്കാദമി കലണ്ടർ തയ്യാറാക്കാനും വിദ്യാഭ്യാസ മന്ത്രാലയം സിബിഎസ്ഇക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
Discussion about this post