കോഴിക്കോട് : കണ്ണൂർ-കോഴിക്കോട് ദേശീയപാതയിൽ വാഹനാപകടം. നിയന്ത്രണം വിട്ട ലോറി കാറിലും മിനി ലോറിയിലും ഇടിച്ചു കയറിയാണ് അപകടമുണ്ടായത്. സംഭവത്തിൽ ഒരാൾ മരിക്കുകയും എട്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. കാറിൽ സഞ്ചരിച്ചിരുന്ന രണ്ടര വയസ്സുകാരനായ മുഹമ്മദ് ഇസ ആണ് മരിച്ചത്.
നിർത്തിയിട്ടിരുന്ന കാറിലേക്ക് ആയിരുന്നു ലോറി ഇടിച്ചു കയറിയത്. വടകര സ്വദേശിയാണ് മരിച്ച മുഹമ്മദ് ഇസ. കണ്ണൂരിൽ നിന്നും കോഴിക്കോട്ടേക്ക് പോകുന്ന ഭാഗത്ത് വാഹനം നിർത്തിയിട്ടിരിക്കുമ്പോൾ അമിത വേഗതയിൽ പാഞ്ഞെത്തിയ ലോറി ഇടിച്ചു കയറുകയായിരുന്നു. സ്ത്രീകൾ ഉൾപ്പെടെ ആറുപേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
യാത്രക്കിടയിൽ വാഹനം നിർത്തി കുടുംബം പുറത്ത് ഇറങ്ങിയ സമയത്ത് ആയിരുന്നു ലോറി പാഞ്ഞ് എത്തി അപകടം ഉണ്ടാക്കിയത്. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റവരിൽ പലരുടെയും നില ഗുരുതരമാണ്.








