ഭോപ്പാൽ :വൻവിവാദം സൃഷ്ടിച്ച് മദ്ധ്യപ്രദേശിലെ രത്ലം ലോക്സഭാ മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥിയുടെ പ്രസ്താവന. രണ്ട് ഭാര്യമാരുള്ളവർക്ക് പാർട്ടി 2 ലക്ഷം രൂപ നൽകുമെന്നായിരുന്നു കാന്തിലാൽ ഭൂരിയയുടെ പ്രസ്താവന .ഇയാൾക്കെതിരെ നടപടിയെടുക്കണമെന്ന് ബിജെപി തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു.
രണ്ട് ഭാര്യമാരുള്ള പുരുഷൻമാർക്ക് രണ്ട് ലക്ഷം രൂപ ധനസഹായം നൽകുമെന്നാണ് കോൺഗ്രസ് നേതാവ് കാന്തിലാൽ ഭൂരിയ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. പാർട്ടി അധികാരത്തിലെത്തിയാൽ പാർട്ടിയുടെ മഹാലക്ഷ്മി പദ്ധതി പ്രകാരം സ്ത്രീകൾക്ക് പ്രതിവർഷം ഒരു ലക്ഷം രൂപ നൽകുമെന്നും അദ്ദേഹം പറഞ്ഞു. മുൻ മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ദിഗ്വിജയ സിംഗിന്റെയും പാർട്ടി സംസ്ഥാന ഘടകം മേധാവി ജിതു പട്വാരിയുടെയും സാന്നിദ്ധ്യത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
കോൺഗ്രസ് നേതാക്കൾ സ്ത്രീകളെ അപമാനിക്കുന്ന തരത്തിലുള്ള പ്രസ്താവനകൾ നടത്തുകയാണെന്ന് ഭുരിയയുടെ പരാമർശത്തിനെതിരെ ബിജെപി എംപി മായ നരോലിയ ആരോപിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് വനിതാ വോട്ടർമാർ തക്ക മറുപടി നൽകുമെന്നും അവർ പറഞ്ഞു.
നാലാം ഘട്ടത്തിലാണ് രത്ലാമിൽ ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കുക. മെയ് 13 നാണ് തിരഞ്ഞെടുപ്പ് . ജൂൺ 4 ന് ഫലം പ്രഖ്യാപിക്കും.
Discussion about this post