എറണാകുളം: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വൻ സ്വർണ വേട്ട. ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച ഒന്നര കോടി രൂപയുടെ സ്വർണം പിടികൂടി. സംഭവത്തിൽ കന്യാകുമാരി സ്വദേശി ഖാദർ മൊയ്തീനെ കസ്റ്റംസ് അറസ്റ്റ് ചെയ്തു.
ദുബായിൽ നിന്നുമായിരുന്നു ഖാദർ മൊയ്തീൻ സ്വർണവുമായി എത്തിയത്. വിമാനത്താവളത്തിൽ എത്തിയ ഇയാൾ ഗ്രീൻ ചാനൽ വഴി കടക്കാൻ ശ്രമിക്കുകയായിരുന്നു. ഇത് കണ്ട് സംശയം തോന്നിയ കസ്റ്റംസ് ഉദ്യോഗസ്ഥർ ഖാദറിനെ വിശദമായി പരിശോധിക്കുകയായിരുന്നു. ഇതിലായിരുന്നു സ്വർണം പിടികൂടിയത്.
ജീൻസിനകത്ത് പ്രത്യേകം തയ്യാറാക്കിയ അറയിൽ ആയിരുന്നു ഇയാൾ സ്വർണം കടത്താൻ ശ്രമിച്ചത്. പരിശോധനയിൽ ഇത് അറിയാതിരിക്കാൻ ജീൻസിലെ പോക്കറ്റ് തുന്നിച്ചേർത്തിരുന്നു. സ്വർണകട്ടികൾ ആക്കിയായിരുന്നു യുവാവ് സ്വർണം കടത്താൻ ശ്രമിച്ചത്. ഇയാളുടെ പക്കൽ നിന്നും 2332 ഗ്രാം തൂക്കം വരുന്ന സ്വർണമാണ് പിടിച്ചെടുത്തത് എന്ന് കസ്റ്റംസ് അറിയിച്ചു. സ്വർണത്തിന് ഒന്നര കോടിയോളം രൂപ വിലവരുമെന്നാണ് കസ്റ്റംസ് നൽകുന്ന പ്രാഥമിക വിവരം. സ്വർണത്തിന്റെ യഥാർത്ഥ മൂല്യം പരിശോധിച്ചുവരികയാണ്.
Discussion about this post