ഭുവനേശ്വർ : ഒഡീഷയിൽ സുരക്ഷാ സേനയും കമ്യൂണിസ്റ്റ് ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. ഇതിനിടെ ഒഡീഷ പോലീസിന്റെ സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പിലെ അംഗത്തിന് പരിക്കേറ്റു. ഒഡീഷ-ഛത്തീസ്ഗഡ് അതിർത്തിയിലെ ശിവനാരായണപുരിന് സമീപമുള്ള സുനബേഡ വനത്തിൽ വച്ചാണ് ഏറ്റുമുട്ടൽ നടന്നത്.
ഇന്ന് പുലർച്ചെയാണ് സംഭവം. പ്രദേശത്ത് കമ്യൂണിസ്റ്റ് ഭീകരരുടെ സാന്നിദ്ധ്യമുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്നാണ് തിരച്ചിൽ നടത്തിയത്. ഒളിഞ്ഞിരുന്ന് സുരക്ഷാ സേനയ്ക്കെതിരെ വെടിയുതിർക്കാൻ ആരംഭിക്കുകയായിരുന്നു. ഇതോടെ സുരക്ഷാ സേന ശക്തമായി തിരിച്ചടിച്ചു. ഈ ഏറ്റുമുട്ടലിലാണ് സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പിലെ ജവാന് വെടിയേറ്റത്. തുടർന്ന് ചികിത്സയ്ക്കായി റായ്പൂരിലേക്ക് കൊണ്ടുപോയി. നിലവിൽ അദ്ദേഹം അപകടനില തരണം ചെയ്തു എന്ന് അധികൃതർ പറഞ്ഞു.
ഇതേതുടർന്ന് പ്രദേശത്ത് തിരച്ചിൽ ശക്തമാക്കി. ഇതിനിടെ രാവിലെ 8 മണിയോടെ, ശിവനാരായണപൂരിൽ നിന്ന് ഏകദേശം 3 കിലോമീറ്റർ അകലെ മറ്റൊരു കമ്യൂണിസ്റ്റ് ഭീകരരുമായി ഏറ്റുമുട്ടൽ ഉണ്ടായതായി സുരക്ഷാ ഉദ്യോഗസ്ഥർ പറഞ്ഞു. എന്നാൽ വെടിവെയ്പ്പിനിടിയിൽ കമ്യൂണിസ്റ്റ് ഭീകരർ ഓടി രക്ഷപ്പെട്ടു. സംഭവസ്ഥലത്ത് നിന്ന് 10 ഐഇഡികൾ, ലോഡഡ് പിസ്റ്റൾ എന്നിവയും സുരക്ഷാസേന പിടിച്ചെടുത്തു.
Discussion about this post