ന്യൂഡൽഹി : പാകിസ്താനിൽ നിന്നും ഇന്ത്യയിലേക്ക് വരുമ്പോൾ ഉണ്ടായിരുന്നത് മക്കളുടെ ഭാവിയെ കുറിച്ചുള്ള ചെറിയ പ്രതീക്ഷ മാത്രമായിരുന്നു. ഇന്ത്യയിൽ പെൺകുട്ടികൾക്കും പഠിക്കാം. സ്വാതന്ത്ര്യത്തോടെ സ്കൂളിൽ പോവാം. ഇഷ്ടപ്പെട്ട കോഴ്സ് തിരഞ്ഞെടുക്കാം. ഇന്ത്യയിലേക്ക് വരുമ്പോഴുള്ള ഏറ്റവും വലിയ പ്രതീക്ഷ അതായിരുന്നു. എന്നാൽ ഇന്ന് പ്രതീക്ഷകൾക്കും സ്വപ്നങ്ങൾക്കും അപ്പുറം തങ്ങൾക്കും ഇന്ത്യൻ പൗരത്വം ലഭിച്ചിരിക്കുന്നു. സിഐഎ നടപ്പിലാക്കിയ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് എത്ര നന്ദി പറഞ്ഞാലും തീരില്ലെന്ന് വ്യക്തമാക്കുകയാണ് പാകിസ്താനിൽ ഇന്നും കുടിയേറിയ ഒരു കുടുംബം.
വടക്ക് പടിഞ്ഞാറൻ ഡൽഹിയിലെ ജുഗ്ഗി കോളനിയിൽ താമസിക്കുന്ന രാധയ്ക്കും ലക്ഷ്മിക്കും ചന്ദ്രകലക്കും ഭാവനയ്ക്കും എല്ലാം ഇതേ കാര്യം തന്നെയാണ് പറയാനുള്ളത്. ഒരിക്കൽ തങ്ങളുടെ വിദൂര സ്വപ്നം മാത്രമായിരുന്ന ഇന്ത്യൻ പൗരത്വം ഒടുവിൽ ഇതാ തങ്ങളുടെ കൈകളിൽ എത്തിച്ചേർന്നിരിക്കുന്നു. ചേരിയിലാണ് താമസിക്കുന്നത്, ബുദ്ധിമുട്ടുകൾ നിറഞ്ഞതാണ് ജീവിതം, എന്നാൽ ഇന്ന് എല്ലാ ബുദ്ധിമുട്ടുകൾക്കും ദുഃഖങ്ങൾക്കും മീതെയാണ് തങ്ങളുടെ സന്തോഷം. കാരണം ഒരു ഹിന്ദു കുടുംബം എന്ന നിലയിൽ പാകിസ്താനിൽ തങ്ങൾ അനുഭവിച്ചിരുന്ന ബുദ്ധിമുട്ടുകൾ ഇതിനേക്കാൾ എല്ലാം എത്രയോ മടങ്ങായിരുന്നു എന്നാണ് ഇവർക്ക് പറയാനുള്ളത്.
“താമസിക്കുന്നത് ചെറിയ കുടിലിൽ ആയിരിക്കാം, പക്ഷേ ഇവിടെ ഞങ്ങൾക്ക് സുരക്ഷിതത്വമുണ്ട്. പേടിക്കാതെ കിടന്നുറങ്ങാൻ കഴിയും. ഞങ്ങളുടെ പെൺകുട്ടികളെ കുറിച്ച് ഇപ്പോൾ ആശങ്ക ഇല്ല. അവർക്ക് സ്വാതന്ത്ര്യത്തോടെ പഠിക്കാൻ കഴിയുന്നുണ്ട്. ഉപരിപഠനത്തിന് ഇഷ്ടപ്പെട്ട കോഴ്സുകൾ തിരഞ്ഞെടുക്കാനും കഴിയും. അതിലെല്ലാം ഉപരി ഇന്ന് ഞങ്ങൾക്ക് അഭിമാനത്തോടെ ഞങ്ങളുടെ മക്കൾ ഇന്ത്യൻ പൗരരാണെന്ന് പറയാൻ കഴിയും” രാധ വ്യക്തമാക്കി.
ജുഗ്ഗി കോളനി നിവാസികളായ മധോ-രാധ ദമ്പതികളുടെ കുടുംബത്തിലെ അഞ്ചുപേർക്ക് മെയ് 15നായിരുന്നു പൗരത്വ നിയമപ്രകാരം ഇന്ത്യൻ പൗരത്വം ലഭിച്ചത്. ഈ കുടുംബം അടക്കം 14 അപേക്ഷകർക്കാണ് കേന്ദ്ര ആഭ്യന്തര സെക്രട്ടറി ന്യൂഡൽഹിയിൽ വെച്ച് പൗരത്വ സർട്ടിഫിക്കറ്റ് കൈമാറിയത്. ഇവരോടൊപ്പം തന്നെ ആദർശ് നഗറിലും മജ്നു കാ തിലയിലും ഉള്ള കുടിയേറ്റ കുടുംബങ്ങൾക്കും പൗരത്വ സർട്ടിഫിക്കറ്റ് ലഭിച്ചിട്ടുണ്ട്. ഈ ഓരോ കുടുംബങ്ങളും ബുദ്ധിമുട്ടുകൾ നിറഞ്ഞ ജീവിത സാഹചര്യങ്ങൾക്കിടയിലും ഇന്ന് ജീവിതത്തെ വലിയ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്. തങ്ങൾക്ക് ലഭിക്കാതെ പോയ മികച്ച വിദ്യാഭ്യാസം തങ്ങളുടെ മക്കൾക്കെങ്കിലും ലഭിക്കുമല്ലോ എന്ന ആശ്വാസത്തിലാണ് ഇവിടുത്തെ ഓരോ അമ്മമാരും. നീല നിറത്തിൽ പുറം ചട്ടയുള്ള ആ പൗരത്വ സർട്ടിഫിക്കറ്റിനുള്ളിൽ ഈ അമ്മമാരുടെ കണ്ണുകളിലെ പ്രതീക്ഷയാണ് തിളങ്ങുന്നത്.
Discussion about this post