ഗാന്ധിനഗർ : ഉത്തരേന്ത്യയിൽ ഉഷ്ണ തരംഗം തുടരുന്നതിനിടെ സൂര്യാഘാതത്തെ തുടർന്ന് ബോളിവുഡ് താരം ഷാരൂഖ് ഖാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കനത്ത ചൂടിനെ തുടർന്ന് നിർജലീകരണം സംഭവിച്ച് കുഴഞ്ഞു വീണതിനെ തുടർന്നാണ് ഷാരൂഖ് ഖാനെ അഹമ്മദാബാദിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഷാരൂഖ് ഖാന്റെ ഉടമസ്ഥതയിലുള്ള ഇന്ത്യൻ പ്രീമിയർ ലീഗ് ഫ്രാഞ്ചെസി ആയ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ മത്സരം കാണുന്നതിനായി കഴിഞ്ഞ ദിവസമാണ് നടൻ അഹമ്മദാബാദിൽ എത്തിയിരുന്നത്. തുടർന്ന് ബുധനാഴ്ച കടുത്ത നിർജലീകരണത്തെ തുടർന്ന് കുഴഞ്ഞുവീണ താരത്തെ അഹമ്മദാബാദിലെ കെ ഡി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
നിലവിൽ താരത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഷാരൂഖിന്റെ സുഹൃത്തും ഐപിഎൽ ടീം പങ്കാളിയുമായ നടി ജൂഹി ചൗളയും ഭർത്താവ് ജയ് മേത്തയും ആശുപത്രിയിലെത്തി താരത്തെ സന്ദർശിച്ച ശേഷം ആരോഗ്യനില തൃപ്തികരമാണെന്ന് വ്യക്തമാക്കി.
Discussion about this post