ഭാരതത്തിൽ അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന സംസ്ഥാനമാണ് ഉത്തർപ്രദേശ്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കീഴിൽ സമസ്ത മേഖലകളിലും യു.പി മുന്നേറിക്കൊണ്ടിരിക്കുകയാണ്. ഈ മുന്നേറ്റത്തിന് കേന്ദ്രസർക്കാരും വേഗം പകരുന്നുണ്ട്. അതുകൊണ്ടു തന്നെ യുപിയുടെ വികസനത്തിന് ഡബിൾ കരുത്താണ്. ആരംഭം മുതൽ തന്നെ ടൂറിസം മേഖലയ്ക്ക് വളരെയധികം പ്രാധാന്യം സംസ്ഥാന സർക്കാർ നൽകിയിട്ടുണ്ട്.
മേഖലയ്ക്കായി നടത്തി വിവിധ പ്രവർത്തനങ്ങൾക്കൊപ്പം രാമക്ഷേത്രം കൂടി യാഥാർത്ഥ്യമായതോടെ യുപിയുടെ മുഖച്ഛായ മാറി. ഇപ്പോഴിതാ വൃന്ദാവനിൽ 70 നിലകളുള്ള ക്ഷേത്രമാണ് ഉയരാൻ പോകുന്നത്. വൃന്ദാവൻ ചന്ദ്രോദയ മന്ദിർ എന്നാണ് ഈ ക്ഷേത്രത്തിന്റെ പേര്. 668.64 കോടി രൂപ ചിലവിട്ടാണ് ഇതിന്റെ നിർമ്മാണം. വൃന്ദാവൻ ഹെറിറ്റേജ് ടവർ എന്നും അറിയപ്പെടുന്ന ഈ ക്ഷേത്രം യാഥാർത്ഥ്യമാകുന്നതോടെ യുപിയുടെ മാത്രമല്ല രാജ്യത്തിന്റെ തന്നെ ടൂറിസം മേഖലയുടെ കുതിച്ചുചാട്ടത്തിനാകും വഴിയൊരുങ്ങുക.
210 മീറ്റർ ഉയരത്തിൽ ഒരുങ്ങുന്ന ചന്ദ്രോദയ മന്ദിറിന്റെ നിർമ്മാണത്തിന് നേതൃത്വം നൽകുന്നത് ഇസ്‌കോൺ ആണ്. അത്യാധുനിക സൗകര്യങ്ങളോട് കൂടിയാണ് വൃന്ദാവനിൽ ക്ഷേത്രം ഒരുങ്ങുന്നത്. ഒരേ സമയം ഒരു ലക്ഷത്തോളം പേരെ ഉൾക്കൊള്ളാൻ കെട്ടിടത്തിന് കഴിയും എന്നാണ് റിപ്പോർട്ടുകൾ. ഒരേ സമയം മൂവായിരം കാറുകൾ പാർക്ക് ചെയ്യാനുള്ള സൗകര്യം ഇവിടെയൊരുക്കും. ആളുകൾക്ക് സുഗമമായി താമസിക്കുന്നതിനുള്ള സൗകര്യവും ഇവിടെയുണ്ടാകും.
എട്ട് ഭുജങ്ങളോട് കൂടിയാകും ക്ഷേത്രത്തിന്റെ നിർമ്മാണം. നിലവിൽ വൃന്ദാവനിലേക്ക് വിനോദ സഞ്ചാരത്തിനായി രണ്ട് ലക്ഷം ആളുകളാണ് എത്തുന്നത്. ചന്ദ്രോദയ മന്ദിർ യാഥാർത്ഥ്യമായാൽ അടുത്ത പത്ത് വർഷം ആകുമ്പോഴേയ്ക്കും ഇത് 10 ലക്ഷമായി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. കാശിയുൾപ്പെടെയുള്ള തീർത്ഥാടന കേന്ദ്രങ്ങളുടെ നവീകരണവും, മറ്റ് ടൂറിസം കേന്ദ്രങ്ങളുടെ പുനരുദ്ധാരണവും യുപിയിലേക്ക് വിനോദ സഞ്ചാരികളുടെ ഒഴുക്ക് വർദ്ധിപ്പിച്ചിട്ടുണ്ട്. ഇതിന് സമാന്തരമായി നടത്തിയ റോഡ്- റെയിൽവേ വികസനവും വിമാനത്താവളങ്ങളുടെ നിർമ്മാണവും ടൂറിസം രംഗത്തെ ഒന്നുകൂടി ശക്തിപ്പെടുത്തി. ഇപ്പോൾ സംസ്ഥാനത്തിന്റെ ഖജനാവ് നിറയ്ക്കുന്നതിൽ നല്ലൊരു പങ്കും എത്തുന്നത് ടൂറിസം മേഖലയിൽ നിന്നാണ്. അതുകൊണ്ട് തന്നെ മേഖലയുടെ വളർച്ചയ്ക്കായി പുതിയ പദ്ധതികൾ ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് യോഗി സർക്കാർ.










