ന്യൂഡൽഹി: രാജ്യത്തെ ആദ്യത്തെ തദ്ദേശീയ വിമാനവാഹിനിക്കപ്പലായ ഐഎൻഎസ് വിക്രാന്തിന് 26 റഫാൽ മറൈൻ വിമാനങ്ങൾ വാങ്ങുന്നതിനായി ഫ്രാൻസുമായുള്ള വാണിജ്യ ചർച്ചകൾ ഇന്ത്യ ഈയാഴ്ച ആരംഭിക്കും.
കടലിലെ സുസ്ഥിരമായ യുദ്ധ പ്രവർത്തനങ്ങൾക്കായി നിർമ്മിച്ച ഇരട്ട എഞ്ചിൻ ഡെക്ക് അധിഷ്ഠിത യുദ്ധവിമാനങ്ങൾക്കായുള്ള കരാർ ഏകദേശം 50,000 കോടി രൂപയോളം വരുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഫ്രഞ്ച് പ്രതിനിധി രാജ്യത്ത് എത്തിയതിന് ശേഷം മെയ് 30 ന് ഇരുപക്ഷവും തമ്മിലുള്ള ചർച്ചകൾ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഉദ്യോഗസ്ഥർ വ്യക്തമാക്കി.
2023 ജൂലൈയിൽ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിൻ്റെ നേതൃത്വത്തിലുള്ള ഇന്ത്യയുടെ പ്രതിരോധ ഏറ്റെടുക്കൽ കൗൺസിൽ (ഡിഎസി) അതിൻ്റെ പ്രവർത്തന ശേഷി വർദ്ധിപ്പിക്കുന്നതിനായാണ് 26 റാഫേൽ എം യുദ്ധവിമാനങ്ങൾ വാങ്ങാനുള്ള ഇന്ത്യൻ നാവികസേനയുടെ നിർദ്ദേശം അംഗീകരിച്ചത് . കഴിഞ്ഞ ഡിസംബറിലാണ് ഇന്ത്യൻ ടെൻഡറിന് ഫ്രാൻസ് മറുപടി നൽകിയത്.
ആയുധങ്ങൾ, സിമുലേറ്റർ, സ്‌പെയറുകൾ, അനുബന്ധ ഉപകരണങ്ങൾ, ക്രൂ പരിശീലനം, ഇന്ത്യൻ നാവികസേനയ്‌ക്കുള്ള ലോജിസ്റ്റിക്‌സ് പിന്തുണ എന്നിവ ഫ്രഞ്ച് സർക്കാരിൽ നിന്ന് റാഫേൽ പാക്കേജിൽ ഉൾപ്പെടും.









