ന്യൂഡൽഹി : മൂന്നാം നരേന്ദ്രമോദി സർക്കാരിലെ മന്ത്രിമാരുടെ പദവികൾക്ക് തീരുമാനമായി. തിങ്കളാഴ്ച ലോക് കല്യാൺ മാർഗിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് മന്ത്രിമാരെയും വകുപ്പുകളും തീരുമാനിച്ചത്.
30 ക്യാബിനറ്റ് മന്ത്രിമാരും 5 സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിമാരും 36 സഹമന്ത്രിമാരും പുതിയ സർക്കാർ സംഘത്തിലുണ്ട്. ഏറ്റവും വലിയ ഉത്തരവാദിത്വം അമിത്ഷായ്ക്ക് തന്നെ. പഴയതുപോലെ ആഭ്യന്തരമന്ത്രിയായി അദ്ദേഹം തുടരും. ഗുജറാത്തിലെ ഗാന്ധി നഗറിൽ നിന്നുള്ള എംപിയാണ് അമിത് ഷാ. നിർമല സീതാരാമൻ ധനമന്ത്രിയായി തുടരും. നേരത്തെ മോദി സർക്കാരിൽ ധനമന്ത്രിയായിരുന്നു നിർമ്മല.
രാജ്നാഥ് സിംഗ് വീണ്ടും പ്രതിരോധ മന്ത്രിയായി തുടരും. 2014ൽ രൂപീകരിച്ച മോദി സർക്കാരിൽ ആഭ്യന്തര മന്ത്രിയും 2019ൽ പ്രതിരോധ മന്ത്രിയും തുടങ്ങിയ സുപ്രധാന വകുപ്പുകൾ രാജ്നാഥ് സിംഗ് കൈകാര്യം ചെയ്തിട്ടുണ്ട്. ഉത്തർപ്രദേശിലെ ലഖ്‌നൗവിൽ നിന്നുള്ള എംപിയാണ് രാജ്‌നാഥ് സിങ്. കൃഷി മന്ത്രാലയത്തിൻ്റെ ചുമതലയാണ് ശിവരാജ് സിംഗ് ചൗഹാന് ലഭിച്ചത്. മൂന്ന് തവണ മധ്യപ്രദേശ് മുഖ്യമന്ത്രിയായ ശിവരാജ് നിലവിൽ വിദിഷ സീറ്റിൽ നിന്നുള്ള എംപിയാണ്.
നിതിൻ ഗഡ്കരിക്ക് ഗതാഗത മന്ത്രാലയത്തിന്റെ ചുമതലയാണ് ഉള്ളത്. നാഗ്പൂരിൽ നിന്നുള്ള എംപിയാണ് നിതിൻ ഗഡ്കരി.കഴിഞ്ഞ മന്ത്രിസഭയിലും അദ്ദേഹം തന്നെയാണ് ഗതാഗത വകുപ്പിന്റെ ചുമതല നിർവഹിച്ചിരുന്നത്.ഉത്തരാഖണ്ഡ് എംപി അജയ് താംതെ,ഈസ്റ്റ് ഡൽഹി എംപി ഹർഷ് മൽഹോത്ര എന്നിവർ ഗതാഗത സഹമന്ത്രിമാരാകും.
ചിരാഗ് പാസ്വാന് കായിക മന്ത്രാലയം ലഭിച്ചു. ബിഹാറിലെ ഹാജിപൂർ ലോക്‌സഭാ മണ്ഡലത്തിൽ നിന്നുള്ള എംപിയാണ് ചിരാഗ് പാസ്വാൻ. ലോക്ജൻ ശക്തി പാർട്ടി പ്രസിഡണ്ട് കൂടിയാണ് പാസ്വാൻ. കേരളത്തിൽ നിന്നും സുരേഷ് ഗോപി സാംസ്കാരിക, ടൂറിസം, പെട്രോളിയം വകുപ്പ് സഹമന്ത്രിയാകും. ജോർജ് കുര്യന് ന്യൂനപക്ഷക്ഷേമം, ഫിഷറീസ്, മൃഗസംരക്ഷണം വകുപ്പുകളുടെ സഹമന്ത്രി സ്ഥാനമാണ് ലഭിച്ചിട്ടുള്ളത്. പിയൂഷ് ഗോയലിന് വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ ചുമതലയും ധർമേന്ദ്ര പ്രധാന് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ചുമതലയും ആണ് നൽകിയിട്ടുള്ളത്.
HAM നേതാവ് ജിതൻ റാം മാഞ്ചിയ്ക്ക് മൈക്രോ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ മന്ത്രാലയത്തിന്റെ ചുമതലയും ജെഡിയു നേതാവ് ലാലൻ സിംഗിന് പഞ്ചായത്തിരാജ് മന്ത്രാലയം, ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീരവികസന മന്ത്രാലയം എന്നിവയുടെ ചുമതലയും ആണ് നൽകിയിട്ടുള്ളത്. മുൻ അസം മുഖ്യമന്ത്രിയും കഴിഞ്ഞ മോദി സർക്കാരിലെ മന്ത്രിയുമായിരുന്ന സർബാനന്ദ സോനോവാൾ തുറമുഖം, ഷിപ്പിംഗ്, ജലപാത മന്ത്രാലയത്തിന്റെ ചുമതല നിർവഹിക്കും.
മറ്റു സുപ്രധാന മന്ത്രിമാരും വകുപ്പുകളും ഇവയാണ്,
വീരേന്ദ്രകുമാർ – സാമൂഹ്യനീതി, ശാക്തീകരണ മന്ത്രാലയം.
ടിഡിപി നേതാവ് കിഞ്ജരാപ്പു റാം മോഹൻ നായിഡു – വ്യോമയാന മന്ത്രാലയം.
പ്രഹ്ലാദ് ജോഷി – ഉപഭോക്തൃകാര്യ മന്ത്രാലയം, ഭക്ഷ്യ പൊതുവിതരണം; പുതിയതും പുനരുപയോഗിക്കാവുന്നതുമായ ഊർജ്ജ മന്ത്രാലയം.
ജുവൽ ഓറം – ഗോത്രകാര്യ മന്ത്രാലയം.
ഗിരിരാജ് സിംഗ് – ടെക്സ്റ്റൈൽ മന്ത്രാലയം.
അശ്വിനി വൈഷ്ണവ് – റെയിൽവേ മന്ത്രാലയം; ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം; ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയം.
ജ്യോതിരാദിത്യ സിന്ധ്യ – വാർത്താവിനിമയ മന്ത്രാലയം; വടക്കുകിഴക്കൻ മേഖലയുടെ വികസന മന്ത്രാലയം.
ഭൂപേന്ദ്ര യാദവ് – പരിസ്ഥിതി, വനം മന്ത്രാലയം.
ഗജേന്ദ്ര സിംഗ് ഷെഖാവത്ത് – ടൂറിസം മന്ത്രാലയം; സാംസ്കാരിക മന്ത്രാലയം.
അന്നപൂർണാ ദേവി – വനിതാ ശിശു വികസന മന്ത്രാലയം.
കിരൺ റിജിജു – പാർലമെൻ്ററി കാര്യ മന്ത്രാലയം; ന്യൂനപക്ഷകാര്യ മന്ത്രാലയം.
ഹർദീപ് സിംഗ് പുരി – പെട്രോളിയം പ്രകൃതി വാതക മന്ത്രി.
മൻസുഖ് മാണ്ഡവ്യ – തൊഴിൽ & തൊഴിൽ മന്ത്രാലയം; യുവജനകാര്യ, കായിക മന്ത്രാലയം.
ജി കിഷൻ റെഡ്ഡി – കൽക്കരി മന്ത്രാലയം; ഖനി മന്ത്രാലയം.
സി ആർ പാട്ടീൽ – ജൽ ശക്തി.
സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിമാരും വകുപ്പുകളും,
റാവു ഇന്ദർജിത് സിംഗ് – സ്ഥിതിവിവരക്കണക്ക്, പ്രോഗ്രാം നടപ്പാക്കൽ മന്ത്രാലയം; ആസൂത്രണ മന്ത്രാലയം, സാംസ്കാരിക മന്ത്രാലയത്തിലെ സഹമന്ത്രി.
ജിതേന്ദ്ര സിംഗ് – ശാസ്ത്ര സാങ്കേതിക മന്ത്രാലയം; ഭൗമശാസ്ത്ര മന്ത്രാലയം; പ്രധാനമന്ത്രിയുടെ ഓഫീസിൽ സഹമന്ത്രി; പേഴ്‌സണൽ, പബ്ലിക് ഗ്രീവൻസ്, പെൻഷൻ മന്ത്രാലയത്തിലെ സഹമന്ത്രി; ആണവോർജ വകുപ്പിലെ സഹമന്ത്രി; ബഹിരാകാശ വകുപ്പിലെ സഹമന്ത്രി.
അർജുൻ റാം മേഘ്‌വാൾ – നിയമ-നീതി മന്ത്രാലയം; പാർലമെൻ്ററി കാര്യ മന്ത്രാലയത്തിലെ സഹമന്ത്രി.
പ്രതാപറാവു ഗണപതിറാവു ജാദവ് – ആയുഷ് മന്ത്രാലയം; ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിലെ സഹമന്ത്രി. ആർഎൽഡി മേധാവി ജയന്ത് ചൗധരി – നൈപുണ്യ വികസന, സംരംഭകത്വ മന്ത്രാലയം; വിദ്യാഭ്യാസ മന്ത്രാലയത്തിലെ സഹമന്ത്രി.
Discussion about this post